unniyum-sajeenayum

കല്ലമ്പലം: അർബുദത്തിന്റെ വേദനയിലും സ്വന്തമായി ഒരു വീടില്ലാത്ത വേദന ഹൃദയത്തിലേറ്റി ഉണ്ണി വേദനയില്ലാത്ത ലോകത്തിലേക്ക്. പനയറ കോവൂർ ബേബിവിലാസം വീട്ടിൽ പരേതനായ സുകുമാരന്റെ മക൯ ഉണ്ണിയാണ് അർബുദത്തെ തുടർന്ന്‍ കഴിഞ്ഞ ദിവസം മരിച്ചത്. ഉണ്ണിയുടെ ചികിത്സയ്ക്കായി നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചിരുന്നു. ആട്ടോറിക്ഷ തൊഴിലാളിയായ ഉണ്ണിക്ക് ഒരു വർഷം മുമ്പാണ് അസുഖം പിടിപ്പെട്ടത്‌. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ല. ഒരു വീടെന്നതായിരുന്നു സ്വപ്നം. അസുഖത്തിന്റെ തളർച്ചയിലും തന്നെ കാണാ൯ എത്തുന്നവരോട് തനിക്കും ഭാര്യ സജീനയ്ക്കും സ്വന്തമായൊരു വീടെന്ന സ്വപ്നം പങ്കുവയ്ക്കുമായിരുന്നു. ഇനി ഒരിടം ഉണ്ണിക്ക് വേണ്ടെങ്കിലും ഭാര്യ സജീനയ്ക്ക് നാലു ചുവരുകളുടെ സംരക്ഷണം അത്യാവശ്യമാണ്. വാടക കൊടുക്കാ൯ പോലും കഴിയാതെ താമസിക്കുന്ന സജീന ഇനി എന്തുചെയ്യണമെന്നറിയാതെ വിധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. ഏതു നിമിഷവും വാടകവീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയിൽ നിൽക്കുന്ന സജീന വീടെന്ന സ്വപ്നം പൂർത്തികരിക്കാ൯ സുമനസുകളുടെ സഹായം തേടുന്നു. ഇന്ത്യ൯ ബാങ്കിന്റെ പാരിപ്പള്ളി ശാഖയിൽ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്. നമ്പർ 6716386329, ഐ.എഫ്.എസ്.സി കോഡ്: 3301860500.