വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതിനെ തുടർന്ന് നീന്തി രക്ഷപ്പെട്ട മൂന്നുപേർക്കും ഇത് പുതുജന്മം. വിഴിഞ്ഞം ഹാർബർ റോഡ് പ്ലാമൂട്ടുവിള വീട്ടിൽ അബ്ദുൾ മനാഫ് (55), വടുവച്ചാൽ ടൗൺഷിപ്പിൽ സാദിഖ് (55), ടൗൺഷിപ്പ് അൽഅമീൻ മസിലിൽ വാടകയ്ക്ക് താമസിക്കുന്ന അഹമ്മദ് ഷാ (60) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. വെള്ളത്തിൽ വീണ് നിലവിളിക്കുമ്പോൾ അതുവഴി ആദ്യം പോയ വള്ളക്കാർ കേട്ടിരുന്നെങ്കിൽ ഒപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാനും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വല വലിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കാറ്റടിച്ചത്. ഇതോടെ വള്ളം തലകീഴായി മറിഞ്ഞു. പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന് പ്രാണനുവേണ്ടി പ്രാർത്ഥിച്ചു. തങ്ങളെ രക്ഷപ്പെടുത്താൻ ആരും വരില്ലെന്ന് മനസിലാക്കിയപ്പോൾ ഇവർ നീന്താൻ തീരുമാനിച്ചു. തണുത്തുറഞ്ഞ വെള്ളത്തിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് മണിക്കൂറുകൾ നീന്തുമ്പോഴും ഇവർക്ക് ജീവൻ തിരികെ കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. തമ്മിൽ കാണാനാകാതെ നീന്തുന്നതിനിടയിലും നാലുപേരും പരസ്‌പരം വിളിച്ച് സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. എന്നാൽ ഇടയ്‌ക്ക് അബ്‌ദുൾ റഹ്മാന്റെ ശബ്ദം നേർത്തതായി വന്നതായും അവസാനം നിലച്ചതായും മൂവരും പറയുന്നു. പരസ്‌പരം സഹായിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ഇവർ. നീന്തുന്നതിനിടെ മത്സ്യബന്ധനം കഴിഞ്ഞ് പോകുകയായിരുന്ന വള്ളത്തിലുണ്ടായിരുന്നവരെ ഇവർ ശബ്ദമുണ്ടാക്കി ശ്രദ്ധയാകർഷിക്കുകയായിരുന്നു. വള്ളത്തിൽ ഇവരെ വിഴിഞ്ഞത്തെത്തിച്ച ശേഷമാണ് തമിഴ്നാട് സംഘം മടങ്ങിയത്. ജീവൻ തിരിച്ച് കിട്ടിയെന്നു അഹമ്മദ് ഷായ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. നീന്താൻ കഴിയില്ലെന്നു പറഞ്ഞ് പലതവണ മറിഞ്ഞവള്ളത്തിനു മേൽ കയറി കിടന്നു. വീണ്ടും തിരയിൽപ്പെട്ടു. ഒടുവിൽ ജീവൻ പണയംവച്ച് നീന്തുകയായിരുന്നെന്ന് അഹമ്മദ് ഷാ പറഞ്ഞു. സാദിഖിന് കാലിൽ ചെറിയ പരിക്കുണ്ട്. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും വാച്ചും നഷ്ട്ടപ്പെട്ടെന്ന് ഇവർ പറഞ്ഞു. ഇവർക്ക് അപകടമുണ്ടായ വിവരം വീട്ടുകാർ അറിയുന്നത് ആശുപത്രിയിലെത്തിയ ശേഷമാണ്.