road

കിളിമാനൂർ : തെരുവുവിളക്കുകൾ ഇല്ലാത്ത, കാട് പിടിച്ച റോഡിലൂടെ സഞ്ചരിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് കല്ലറ ഗ്രാമപഞ്ചായത്തിലെ കരിക്കകം ഗ്രാമവാസികൾ. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഈ നാട്ടുകാരുടെ ആവശ്യങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതിയുണ്ട്. കുറിഞ്ചിലക്കാട് വാർഡിലെ കുറിഞ്ചിലക്കാട് ബസ് സ്റ്റോപ്പിൽ നിന്നും വാമനപുരം നദിയുടെ സമീപത്തുള്ള കരിക്കകം ഭാഗത്തേക്ക് ഒരു കിലോമീറ്ററിൽ ദൂരത്തിൽ നാട്ടുകാരുടെ ശ്രമഫലമായി നിർമിച്ച റോഡ് രണ്ട് പതിറ്റാണ്ട് മുമ്പ് അന്നത്തെ എം.എൽ.എ പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്ത് പഞ്ചായത്തിന് കൈമാറിയിരുന്നു. എന്നാൽ തുടർന്ന് പഞ്ചായത്ത് ഇവിടെ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന ആക്ഷേപമാണുള്ളത്. 8 മീറ്ററിലധികം വീതിയുള്ള ഈ റോഡ് നിലവിൽ കാട് കയറി കാട്ടുപന്നികളുടെയും ഇഴ ജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. റോഡ് ഫണ്ട്, റോഡ് പുനരുദ്ധാരണ ഫണ്ട്, ലോക ബാങ്ക് ഫണ്ട് എന്നീ ഇനങ്ങളിൽ കോടിക്കണക്കിന് രൂപ പഞ്ചായത്തിന് ലഭിക്കുമ്പോഴാണ് വിദ്യാർത്ഥികളും കിടപ്പു രോഗികളും വൃദ്ധരും ഒക്കെ സഞ്ചരിക്കുന്ന റോഡ് ഈ അവസ്ഥയിൽ കിടക്കുന്നത്. സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ രാത്രികാല യാത്രയും ദുഃസഹമാണ്. അടിയന്തരമായി റോഡ് ടാറിട്ട് തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.