rahul-dravid

ന്യൂഡൽഹി : ഭിന്ന താത്പര്യ വിഷയത്തിൽ മുൻ ഇന്ത്യൻ ക്യാപ്ടൻ രാഹുൽ ദ്രാവിഡിന് നോട്ടീസയച്ച ബി.സി.സി.ഐ ഓംബുഡ്സ്‌മാന്റെ നടപടിയെ തള്ളിക്കളഞ്ഞ് സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതി.

ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടറാക്കിയതിനെ ചോദ്യം ചെയ്ത് മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലായിരുന്നു ഓംബുഡ്സ്‌മാന്റെ നോട്ടീസ്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമകളായ ഇന്ത്യാ സിമന്റ്സിന്റെ വൈസ് പ്രസിഡന്റാണ് ദ്രാവിഡെന്നും അതിനാൽ ഭിന്ന താത്പര്യമുണ്ടെന്നുമായിരുന്നു ഗുപ്തയുടെ പരാതി.

എന്നാൽ, കഴിഞ്ഞ ദിവസം ബി.സി.സി.ഐ ഭരണസമിതി അദ്ധ്യക്ഷൻ വിനോദ് റായ് തന്നെ ദ്രാവിഡിന് ക്ളീൻ ചിറ്റ് നൽകി രംഗത്തുവന്നു. ദ്രാവിഡിനെപ്പോലൊരാളെ സംശയത്തിന്റെ നിഴലിൽ നിറുത്താനാകില്ലെന്നും നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടർ പദവിയിൽ അദ്ദേഹത്തെ നിയമിക്കുന്നതിന് അനുമതി നൽകിക്കഴിഞ്ഞതായും വിനോദ് റായ് പറഞ്ഞു. ഇതിനു പിന്നിലെ ഭരണസമിതി അംഗം രവി തോഡ്ഗെയും ദ്രാവിഡിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

കളിക്കളത്തിലും പുറത്തും ഇതേവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ രാഹുൽ ദ്രാവിഡിനെപ്പോലും ഭിന്നതാത്‌പര്യ പ്രശ്നത്തിന്റെ പേരിൽ പ്രതിക്കൂട്ടിലാക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും ഹർഭജൻ സിംഗും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. നേരത്തെ സച്ചിൻ, ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർക്കെതിരെയും ഭിന്ന താത്പര്യപ്രശ്നം ഉയർന്നുവന്നിരുന്നു.