ചിറയിൻകീഴ്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നിലമ്പൂരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘത്തിലെ ആറായിരത്തോളം വരുന്ന വനിതാസംഘം പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് ആദ്യ സംഭാവനയായി 100 പേർ അടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങളിൽ നിന്ന് 500 രൂപ വീതവും അമൃത സ്വാശ്രയ സംഘം പ്രസിഡന്റ് വിഷ്ണുഭക്തൻ നൽകിയ ഒരു ലക്ഷം രൂപയും സ്വരൂപിച്ചു. തുക അമൃതാ സ്വാശ്രയ സംഘം പ്രസിഡന്റ് സി. വിഷ്ണുഭക്തനിൽ നിന്നു വനിതാ സംഘം പ്രസിഡന്റ് പ്രീത ഏറ്റുവാങ്ങി. ചടങ്ങിൽ അമൃത സ്വാശ്രയസംഘം രക്ഷാധികാരികളായ ശിവദാസൻ, സന്തോഷ്, മീര, സുഗന്ധി, പ്രസീദ, സുമ, ഗിനിത, അമൃതാനന്ദമയി മഠം മാതൃവാണി കോ - ഓർഡിനേറ്റർ ജ്യോതിലക്ഷ്മി, തിരുവനന്തപുരം ബാല സംസ്കൃതി കോ - ഒാർഡിനേറ്റർ ഡോ. ബി.ആർ. സന്തോഷ്, അമൃത നഗർ കൈമനം ആശ്രമം പ്രവർത്തക മായ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട് തിരുവല്ല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ 400 വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതം നാലു ലക്ഷം രൂപ രണ്ട് ഗഡുക്കളായി അമൃതാ സാശ്രയ സംഘം ചിറയിൻകീഴ് യൂണിറ്റ് സംഭാവന ചെയ്തിരുന്നു.