തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലെ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഉത്തരങ്ങൾ എസ്.എം.എസായി സ്വീകരിച്ച ഫോണുകൾ കണ്ടെത്താനായിരുന്നു പരിശോധന.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പ്രതികളാണുള്ളത്. ഇതിൽ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീർ, അയൽവാസിയും എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറുമായ വി.എം. ഗോകുൽ, സഫീറിന്റെ സുഹൃത്തും യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതിയുമായ പ്രണവ് എന്നിവരുടെ വീടുകളിലായിരുന്നു തിരച്ചിൽ. ഇവർ ഒളിവിലാണെന്ന് അന്വേഷണസംഘം പറഞ്ഞു.
മറ്റു പ്രതികളും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം എന്നിവർ റിമാൻഡിലാണ്. പരീക്ഷാസമയത്ത് എസ്.എം.എസ് അയയ്ക്കാൻ ഉപയോഗിച്ച അഞ്ച് ഫോണുകളിലൊന്ന് പ്രണവിന്റെ ബന്ധുവിന്റേതാണ്. ഇവരിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. കുത്തുകേസിൽ പതിനേഴാം പ്രതിയായ പ്രണവ് ജൂലായ് 27 മുതൽ ഒളിവിലാണ്. ഈ കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസിനും ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ ഉത്തരക്കടലാസ് (ഒ.എം.ആർ ഷീറ്റ്), ഹാൾടിക്കറ്റ്, നസീമിന്റെ വ്യാജ ഐ.ഡി പ്രൊഫൈൽ വിശദാംശങ്ങൾ, സാക്ഷിമൊഴികൾ, പ്രതികളുടെ ഫോൺ വിശദാംശങ്ങളടങ്ങിയ സീഡി, മുൻകാല പി.എസ്.സി പരീക്ഷകളിൽ പ്രതികളുടെ മാർക്ക് തുടങ്ങിയ വിവരങ്ങൾ പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറി.