മലയിൻകീഴ്: കാലവർഷക്കെടുതിയിൽ വീടുകൾ തകർന്നതോടൊപ്പം ഗ്രാമങ്ങളിൽ വ്യാപകമായ കൃഷിനാശവും. മാറനല്ലൂർ, വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ലഭിച്ച പ്രാഥമിക കണക്കുകൾ പ്രകാരം 4.5 കോടി രൂപയുടെ നാശമുണ്ടായി. എന്നാൽ വില്ലേജ്, ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ എന്നിവർ അന്വേഷണം നടത്തിയ ശേഷമേ നഷ്ടം എത്രയാണെന്ന് നിശ്ചയിക്കുകയുള്ളു.
മാറനല്ലൂർ പഞ്ചായത്തിൽ 12ഹെക്ടറിൽ കൃഷിനാശമുണ്ടായി. വെള്ളം ഒലിച്ച് പോകാനാകാതെ കെട്ടി നിന്നും മറ്റ് പുരയിടങ്ങളിൽ നിന്ന് വെള്ളം പാഞ്ഞ് കയറിയുമാണ് ഏറെയും കൃഷിക്ക് നാശമുണ്ടായതെന്ന് കർഷകർ പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നും അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് കർഷകരിൽ ഭൂരിപക്ഷം പേരും കൃഷി നടത്തിയിരുന്നത്. കിടപ്പാടം വരെ പണയപ്പെടുത്തിയാണ് പലരും വായ്പകൾ തരപ്പെടുത്തിയിട്ടുള്ളത്.
വിളവൂർക്കൽ പഞ്ചായത്തിലെ ആളിയോട്ടുകോണത്ത് നിരവധി വാഴയും മറ്റ് മരങ്ങളും ശക്തമായ കാറ്റിൽ കടപുഴകിയിട്ടുണ്ട്. നിരവധി കർഷകർ വരും ദിവസങ്ങളിൽ അപേക്ഷ നൽകുമെന്നാണ് കൃഷി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ 10 ഹെക്ടറിൽ വാഴകൃഷി നശിച്ചിട്ടുണ്ട്. കാറ്റിൽ 5000 ലേറെ വാഴ ഒടിഞ്ഞതായി വിളപ്പിൽ കൃഷി ഓഫീസർ ചാരുമിത്രൻ നൽകിയ വിവരം. വിട്ടിയം, ചെറുകോട്, കരുവിലാഞ്ചി എന്നീ സ്ഥലങ്ങളിലാണ് കൃഷിനാശം കൂടുതലുണ്ടായത്. വെള്ളംക്കെട്ടി നിന്ന് കൃഷി നശിച്ചതിന്റെ കണക്കുകൾ വെള്ളം ഇറങ്ങിയതിന് ശേഷമേ നിശ്ചയിക്കാനാകുവെന്നാണ് കൃഷി ഓഫീസർ പറഞ്ഞത്. അന്വേഷണം നടത്തുമെന്നോ പരിഹാരമുണ്ടാക്കമെന്നോ വ്യക്തമായ മറുപടി അധികൃതർ നൽകുന്നില്ല. കർഷകർ വിളവൂർക്കൽ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും അപേക്ഷയുടെ പകർപ്പ് നൽകിയിട്ടുണ്ട്.