തിരുവനന്തപുരം: മലയാളം പള്ളിക്കൂടത്തിന്റെ ആറാംചുവടുവയ്പിൽ നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ ഓട്ടൻതുള്ളലോടെ 18ന് രാവിലെ 10.30ന് തൈക്കാട് ഗവ.മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂളിൽ അടൂർ ഗോപാലകൃഷ്ണൻ ആറാം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഡോ.അച്യുത് ശങ്കർ, ആർട്ടിസ്റ്റ് ഭട്ടതിരി, ബി.മുരളി, സാംസ്‌കാരിക വകുപ്പ് അഡിഷണൽ സെക്രട്ടറി കെ.ഗീത, കനറാബാങ്ക് ജനറൽ മാനേജർ ജി.കെ.മായ തുടങ്ങിയവർ അക്ഷരദീപം തെളിക്കാനെത്തും. നവാഗതരെ തേനും വയമ്പും ഓലക്കളിപ്പാട്ടങ്ങളും നൽകിയാണ് സ്വീകരിക്കുക. പ്രധാന അദ്ധ്യാപകൻ വട്ടപ്പറമ്പിൽ പീതാംബരന്റെ നേതൃത്വത്തിൽ കുട്ടികളെ മണലിൽ അക്ഷരമെഴുതിക്കും. കുട്ടികൾ പരമ്പരാഗതരീതിയിൽ ഗുരുക്കന്മാർക്ക് ദക്ഷിണ നൽകും. ഇക്കുറി മുതിർന്ന കുട്ടികൾക്കായി തട്ടകം എന്ന പുതിയ വിഭാഗം കൂടി തുടങ്ങുന്നുണ്ട്. സംവാദം, പ്രസംഗം, നാടകം, കാവ്യാലാപനം, സാംസ്കാരികരംഗത്തെ പ്രഗല്ഭരുമായുള്ള അഭിമുഖം, സാംസ്കാരിക പഠനയാത്ര തുടങ്ങിയവയാണ് പാഠ്യപദ്ധതി. സാഹിത്യക്കളരിയിലെ കുട്ടികൾ മലയാള കവിതകളും പരിസ്ഥിതി കവിതകളും അവതരിപ്പിക്കും. ഉച്ചയ്ക്ക് 12.30ന് ഓട്ടൻതുള്ളൽ അരങ്ങേറും.