ന്യൂഡൽഡി : ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ അവഹേളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജർ സുനിൽ സുബ്രഹ്മണ്യനെ കരീബിയൻ പര്യടനത്തൽ നിന്ന് ബി.സി.സി.ഐ തിരികെ വിളിച്ചു.
വിൻഡീസിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ സർക്കാർ നിർദ്ദേശപ്രകാരം ജലസംരക്ഷണത്തിനായുള്ള പാരമ്പര്യത്തിൽ അഭിനയിപ്പിക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരോടാണ് മുൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് താരം കൂടിയായ സുബ്രഹ്മണ്യം മോശമായി പെരുമാറിയത്. തന്നെ ബന്ധപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ഫോണെടുക്കാൻ സുനിൽ തയ്യാറായിരുന്നില്ല. തുടർന്ന് ടെക്സ്റ്റ് മെസേജുകളയച്ചപ്പോൾ തനിക്ക് മെസേജയയ്ക്കരുതെന്ന് മറുപടിയും നൽകി.
അഭിമാനം മുറിപ്പെട്ട ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഉടൻ തന്നെ ഇക്കാര്യം ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ അറിയിച്ചു. സർക്കാർ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകണമെന്ന നിർദ്ദേശവുമെത്തിയതോടെ ബി.സി.സി.ഐ മാനേജരെ മടക്കി വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതാദ്യമായല്ല സുനിൽ സുബ്രഹ്മണ്യൻ മോശം പെരുമാറ്റം കൊണ്ട് വാർത്തകളിൽ നിറയുന്നത്. 2018ൽ ആസ്ട്രേലിയയും ഇന്ത്യയും തമ്മിൽ പെർത്തിൽ നടന്ന ടെസ്റ്റിനിടെ ക്രിക്കറ്റ് ആസ്ട്രേലിയ കേറ്ററിംഗ് സ്റ്റാഫുകളുമായി ഇദ്ദേഹം അടിയുണ്ടാക്കിയിരുന്നു. അന്ന് ബി.സി.സി.ഐ നടപടികൾ സ്വീകരിച്ചിരുന്നില്ല. രണ്ടുവർഷം മുമ്പാണ് സുനിൽ ഇന്ത്യൻ ടീം മാനേജരായത്. ലോകകപ്പോടെ ഇദ്ദേഹത്തിന്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ, രവിശാസ്ത്രിക്കും സഹപരിശീലകർക്കുമൊപ്പം വിൻഡീസ് പര്യടനത്തിലേക്ക് കൂടി കരാർ നീട്ടുകയായിരുന്നു.
പഴയ മാനേജർ എന്ന നിലയിൽ സുനിലിനെ പുതിയ മാനേജർ പദവിയിലേക്ക് സ്വാഭാവികമായും അഭിമുഖത്തിന് ക്ഷണിക്കാൻ ഇരിക്കവേയാണ് വിവാദമുണ്ടാകുന്നത്. സുനിലിനെ ഇനി മാനേജരായി പരിഗണിക്കേണ്ട എന്ന അഭിപ്രായവും ബി.സി.സി.ഐക്കുള്ളിൽ ഉയർന്നിട്ടുണ്ട്.