തിരുവനന്തപുരം : വാടക ഗ്രൗണ്ടുകളിൽ നിന്ന് സ്വന്തം കളിമുറ്റത്തിന്റെ ഐശ്വര്യത്തിലേക്ക് ഈ മലയാള മാസപ്പിറവിയിൽ ചേക്കേറാനൊരുങ്ങുകയാണ് കോവളം എഫ്.സി. ശനിയാഴ്ച അരുമാനൂർ എം.വി എച്ച്.എസ്.എസിനോട് ചേർന്ന് കോവളം എഫ്.സിയുടെ സ്വന്തം ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുകയാണ്.
തീരദേശത്തെ കാൽപ്പന്തുപെരുമയ്ക്ക് കൈത്താങ്ങാകാൻ മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് രൂപം നൽകിയ കോവളം എഫ്.സി ചുരുങ്ങിയ നാളുകൾകൊണ്ടാണ് സ്വന്തമായി കളിക്കളവും പരിശീലനാർത്ഥികൾക്കുള്ള ഹോസ്റ്റലും നിർമ്മിച്ചത്. രണ്ടേറോളം ഭൂമി 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത്ഒന്നരക്കോടി രൂപയിലധികം മുടക്കിയാണ് കോവളം എഫ്.സി അരുമാനൂരിൽ സ്റ്റേഡിയവും ഹോസ്റ്റലും ഒരുക്കിയത്. പ്രവാസി മലയാളിയായ ക്ലബ് പ്രസിഡന്റ് ടി.ജെ. മാത്യുവും അദ്ദേഹത്തിന്റെ പത്നി സാലി മാത്യുവുമാണ് ഈ ഭാരിച്ച തുക മുടക്കാൻ മുന്നിട്ടിറങ്ങിയത്. ശശിതരൂർ എം.പിയടക്കമുള്ള ജനപ്രതിനിധികൾ ഈ സംരംഭത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിർമ്മാണ വേളയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ സഹായം ലഭിച്ചില്ല. ക്ലബിന്റെ സീനിയർ ടീം ജഴ്സി സ്പോൺസർ ചെയ്യുന്നത് ഫെഡറൽ ബാങ്കാണ്. ജൂനിയർ ടീം ജഴ്സി കിയൻ ഇന്റർനാഷണലും.
ശനിയാഴ്ച വൈകിട്ട് മൂന്നിന് നെയ്യാറ്റിൻകര എം.എൽ.എ കെ.എ. ആൻസലനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് നാലിന് കേരള പൊലീസും കോവളം എഫ്.സിയും തമ്മിലുള്ള പ്രദർശന മത്സരം നടക്കും. വൈകിട്ട് ആറിനാണ് അക്കാഡമിയുടെയും ഹോസ്റ്റലിന്റെയും ഉദ്ഘാടനം. ശശി തരൂരാണ്ചടങ്ങിലെ മുഖ്യാതിഥി. ഹോസ്റ്റൽ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിക്കും. ഡെപ്യൂട്ടി കളക്ടർ അനു എസ്. നായരും അദാനി ഫൗണ്ടേഷനിലെ അനിൽ ബാലകൃഷ്ണനും ചേർന്ന് ജഴ്സി പ്രകാശനം നിർവഹിക്കും. അടൂർ ഗോപാലകൃഷ്ണൻ, ജി. വിജയരാഘവൻ, കേരള സന്തോഷ് ട്രോഫി ടീം കോച്ച് ബിനോ ജോർജ്ജ് കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ, സായ് അസിസ്റ്റന്റ് ഡയറക്ടർ എസ്. നജുമുദ്ദീൻ, ജില്ലാ ഫുട്ബാൾ അസോ. സെക്രട്ടറി രാജീവ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.