തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കെല്ലാം മാസത്തിന്റെ തുടക്കത്തിൽ ശമ്പളം കിട്ടുമ്പോൾ സ്പോർട്സ് കൗൺസിലിലെ ജീവനക്കാർ പ്രതീക്ഷയോടെ നോക്കിയിരിക്കും. കാരണം അവർക്ക് ശമ്പളം ലഭിക്കണമെങ്കിൽ മാസം പകുതിയാകണം.
ജൂലായ് മാസത്തെ ശമ്പളം കൗൺസിൽ ജീവനക്കാർക്ക് ഇന്നലെ മാത്രമാണ് അക്കൗണ്ടിലെത്തിയത്. സർക്കാരിൽ നിന്ന് നോൺപ്ളാൻ ഫണ്ടായി ലഭിക്കുന്ന ശമ്പളം കൃത്യസമയത്ത് വാങ്ങിയെടുക്കാൻ തയ്യാറാകാത്ത കൗൺസിൽ സെക്രട്ടറിയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ആഗസ്റ്റ് രണ്ട് മുതൽ ഒൻപതു വരെ കൗൺസിൽ സെക്രട്ടറി ഡൽഹി ടൂറിലായിരുന്നു. ഈ സമയത്ത് മറ്റാർക്കെങ്കിലും ചാർജ് കൈമാറാനോ ശമ്പളത്തിന്റെ ചെക്ക് ഒപ്പിടാനോ സെക്രട്ടറി തയ്യാറായില്ല. പത്താം തീയതി സെക്രട്ടറി തിരിച്ചെത്തിയ ശേഷം മാത്രമാണ് ശമ്പള ഫയൽ മുന്നോട്ടു നീങ്ങിയത്. തുടർന്നുള്ള ദിനങ്ങളിൽ ബാങ്ക് അവധിയായതോടെ വീണ്ടും വൈകി.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഇത്തരത്തിൽ ശമ്പളം വൈകുന്നത്. മറ്റ് സർക്കാർ ജീവനക്കാരെപ്പോലെ തങ്ങളെ പരിഗണിക്കാത്തതെന്താണെന്നാണ് ജീവനക്കാരുടെ ചോദ്യം. വിഷുവിന് തലേന്ന് മാത്രമാണ് മാർച്ച് മാസത്തെ ശമ്പളം നൽകിയത്.
ജീവനക്കാർക്ക് ശമ്പളം വൈകിയാലും സെക്രട്ടറിക്ക് ശമ്പളം വൈകില്ല എന്ന കൗതുകം കൂടിയുണ്ട്. കാരണം സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ കൂടിയായ ഇദ്ദേഹത്തിന്റെ ശമ്പളം മാറുന്നത് അവിടെയാണ്. അവിടെ ഒരിക്കലും ശമ്പളം വൈകിപ്പിക്കാറുമില്ല.
ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കാതെ വന്നതോടെ കൗൺസിലിലെ സഹകരണസംഘത്തിന്റെ പ്രവർത്തനവും താറുമാറായിക്കഴിഞ്ഞു. സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കൗൺസിലിലേക്ക് എത്തിയ ഉദ്യോഗസ്ഥരും ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.