kseb

തിരുവനന്തപുരം : പ്രളയത്തിൽ വെള്ളം കയറി വയറിംഗ് പൂർണമായി നശിച്ച പാവപ്പെട്ടവരുടെ വീടുകളിലെ വയറിംഗ്‌ ജോലികൾ കെ.എസ്.ഇ.ബി സൗജന്യമായി ചെയ്‌ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. എത്രയുംവേഗം എല്ലാ വൈദ്യുതി ബന്ധങ്ങളും പുനഃസ്ഥാപിച്ച് എല്ലാവർക്കും വൈദ്യുതി എത്തിക്കാനാണ്‌ ബോർഡ് ശ്രമിക്കുന്നതെന്ന് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. പെരുമഴയിലും ഉരുൾപൊട്ടലിലും കേടായ 21.6 ലക്ഷത്തോളം വൈദ്യുതി കണക്‌ഷനുകളിൽ ഇനി ശരിയാക്കാൻ 1.7 ലക്ഷം കണക്‌ഷനുകളാണുള്ളത്.

422 വിതരണ ട്രാൻസ്‌ഫോർമറുകൾ ഉൾപ്പെടെ നശിച്ചു. മൊത്തം 150കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് യോഗം വിലയിരുത്തി.

വാട്ടർ അതോറിട്ടിയുടെ പമ്പിംഗ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ അധിക പ്രാധാന്യമാണ് കെ.എസ്.ഇ.ബി. നൽകിയത്. അതുകാരണം ശുദ്ധജല വിതരണ പദ്ധതികൾ സാധാരണ നിലയിൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യുതി കണക്‌ഷൻ ഉറപ്പാക്കും. ഇതിനായി ഓരോ ക്യാമ്പിലേക്കും ബോർഡ് ഒരു ലെയ്സൺ ഓഫീസറെ നിയോഗിക്കും.

ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിരമിച്ച ജീവനക്കാരും കരാർ ജീവനക്കാരും ഉൾപ്പെടെ കൂടുതൽ ആളുകളെ നിയോഗിക്കും.