മൂന്നാം ഏകദിനത്തിൽ വിൻഡീസിന് മികച്ച തുടക്കം
ക്രിസ് ഗെയ്ൽ 41 പന്തിൽ 72 റൺസ് നേടി പുറത്ത്
പോർട്ട് ഒഫ് സ്പെയ്ൻ : തന്റെ അവസാനത്തേത് എന്ന് കരുതപ്പെടുന്ന ഏകദിന ഇന്നിംഗ്സ് തകർപ്പനടികൾ കൊണ്ട് തനതു ശൈലിയിൽ ഉത്സവമാക്കി കരീബിയൻ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. എന്നാൽ വിൻഡീസ് 22 ഒാവറിൽ 158/2 എന്ന സ്കോറിലെത്തിയപ്പോഴേക്കും മഴകാരണം കളി നിറുത്തിവയ്ക്കേണ്ടിവന്നു.
ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന് ഗെയ്ൽ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനായി ഗെയ്ൽ വെറും 41 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ അടിച്ചുകൂട്ടിയത് 72 റൺസാണ്. ഓപ്പണിംഗിൽ 29 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ 43 റൺസടിച്ച എവിൻ ലെവിസും ചേർന്നപ്പോഴാണ് വിൻഡീസിന് തുടക്കം അതിഗംഭീരമായത്.
65 പന്തുകളിൽ നിന്ന് 115 റൺസാണ് ഗെയ്ലും ലെവിസും ചേർന്ന് ഒാപ്പണിംഗിൽ കൂട്ടിച്ചേർത്തത്. ഭുവനേശ്വർ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനാക്കിയ ഗെയ്ൽ ഷമിയുടെ ഓവറിൽ ഓരോ സിക്സും ഫോറും പറത്തി തുടങ്ങി. ഭുവനേശ്വർ എറിഞ്ഞ ഇന്നിംഗ്സിലെ അഞ്ചാം ഓവറിലാണ് ആക്രമണത്തിന്റെ രീതി മാറിയത്. തുടർച്ചയായി ഫോറും സിക്സും പറന്നു. എട്ടാം ഓവറിൽ ഖലീൽ അഹമ്മദിനെ പന്തേൽപ്പിച്ചെങ്കിലും ലെവിസ് സിക്സടിച്ചാണ് വരവേറ്റത്. 16 റൺസാണ് ഖലീൽ ആദ്യ ഓവറിൽ വഴങ്ങിയത്. തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ 18 റൺസ് വഴങ്ങി. പത്താം ഓവറിൽ ഗെയ്ൽ ഖലീലിനെ ആദ്യ രണ്ട് പന്തുകളിലും സിക്സ് പറത്തി അർദ്ധ സെഞ്ച്വറി കടന്നു. ഈ ഓവറിൽ ഖലീൽ വഴങ്ങിയത് 17 റൺസ്.
11-ാം ഓവറിൽ ചഹലാണ് ലെവിസിനെ ധവാന്റെ കൈയിലെത്തിച്ച് സഖ്യം പൊളിച്ചത്. അടുത്ത ഓവറിൽ ഖലീൽ ഗെയ്ലിനെ തിരിച്ചയച്ച് പകരം വീട്ടി. തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ വിരാട് കൊഹ്‌ലിയാണ് ഗെയ്ലിന്റെ അവസാനമണി മുഴക്കിയത്. ഇതോടെ ഷായ്‌ഹോപ്പും (19), ഹെട്മേയറും (18) ക്രീസിലയത്തിയെങ്കിലും സ്കോറിംഗ് വേഗം താഴ്ന്നു.
301
തന്റെ 301-ാം ഏകദിനം പ്രമാണിച്ച് 301-ാം നമ്പർ ജഴ്സി ധരിച്ചാണ് ഗെയ്ൽ കളിക്കാനിറങ്ങിയത്.
54
ഗെയ്‌ലിന്റെ 54-ാമത് ഏകദിന അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്.
331
സിക്സുകളാണ് ഏകദിനത്തിൽ ഗെയ്ൽ നേടിയിരിക്കുന്നത്.
10480
റൺസാണ് ഏകദിന കരിയറിലെ ഗെയ്‌ലിന്റെ സമ്പാദ്യം