sanjeev-jha
സഞ്ജീവ് ഝാ

തിരുവനന്തപുരം: ഫിസിയോതെറാപ്പി മേഖലയെ അപ്പാടെ തുടച്ചുനീക്കാനുള്ള ശ്രമമാണ് കേരള സർക്കാരും ആരോഗ്യ സർവകലാശാലയും നടത്തുന്നതെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് ദേശീയ പ്രസിഡന്റ് സഞ്ജീവ് കെ.ഝാ പറഞ്ഞു.

പത്ത് വർഷമായി തുടരുന്ന ഫിസിയോതെറാപ്പി അദ്ധ്യാപകരുടെ യോഗ്യതാമാനദണ്ഡം മാറ്റാനും പകരം ആധുനിക വൈദ്യശാസ്ത്ര അദ്ധ്യാപകരെ നിയമിക്കാനുമുള്ള നീക്കം അതിന്റെ ഭാഗമാാണെന്ന് ഝാ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അദ്ധ്യാപകരെ നിയമിക്കാൻ യു.ജി.സി മാനദണ്ഡങ്ങളുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയാണ് പുതിയ മാനദണ്ഡം കൊണ്ടുവരാൻ നിയമവിരുദ്ധ നീക്കം നടത്തുന്നത്. ഫിസിയോതെറാപ്പി പഠിപ്പിക്കാൻ അതിൽ നിപുണരായവർക്ക് പകരം ഫിസിക്കൽ മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമിക്കാനാണ് ശ്രമം. ഇവർക്ക് ഫിസിയോതെറാപ്പിയെക്കുറിച്ച് ഒന്നുമറിയില്ല. പഠനകാലത്ത് 20 മണിക്കൂർ മാത്രമാണ് ഫിസിയോതെറാപ്പി അവർ പഠിക്കുന്നത്. എന്നാൽ ഫിസിയോ തെറാപ്പിസ്റ്റുകൾ 2000 മണിക്കൂറാണ് പഠിക്കുന്നത്.
സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ആരോഗ്യരംഗം ഒന്നടങ്കം പിടിച്ചെടുക്കാനുള്ള സ്വകാര്യ മെഡിക്കൽ ലോബിയുടെ ഗൂഢാലോചനയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പീഡിയാട്രിക് അസോസിയേഷനും സംശയനിഴലിലാണ്. ഫിസിയോതെറാപ്പിയും ഐ.എം.എയും രണ്ടായാണ് പ്രവർത്തിക്കുന്നത്. ഐ.എം.എ മെഡിക്കൽ പ്രൊഫഷനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഫിസിയോതെറാപ്പിസ്റ്റുകൾ അനാട്ടമിയും ഫിസിയോളജിയുമൊക്കെ പഠിക്കുന്നുണ്ട്.

ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫാർമസി,​ ഡെന്റൽ കൗൺസിലുകൾ പോലെ പ്രത്യേകം കൗൺസിൽ വേണമെന്ന് സഞ്ജീവ് ഝാ ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളിൽ കൗൺസിലുണ്ട്. മൂന്ന് സംസ്ഥാനങ്ങളിൽ കൂടി കൗൺസിൽ സ്ഥാപിക്കാനുള്ള നടപടിയായി. കൗൺസിൽ സ്ഥാപിക്കുന്നത് കേരളത്തിന്റെ ആരോഗ്യപുരോഗതിക്കും രോഗചികിത്സയ്ക്കും കൂടുതൽ ഗുണകരമാകും. സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യസ‌ർവകലാശാല ചാൻസലറായ ഗവർണർക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും. യു.ജി.സിയെയും സമീപിക്കും. പ്രശ്നത്തിന്

രാഷ്ട്രീയ പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ഝാ മുന്നറിയിപ്പ് നൽകി.