നേമം: തൃക്കണ്ണാപുരത്തെ തുണിക്കടയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലെ മൂന്നാം പ്രതിയും നേമം പൊലീസിന്റെ പിടിയിലായി. നേമം കോലിയക്കോട് സ്വദേശി ഊണ് രതീഷ് എന്നു വിളിക്കുന്ന രതീഷ് (38) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായ് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കണ്ണാപുരത്ത് തുണിക്കട നടത്തുന്ന തൃക്കണ്ണാപുരം പാലത്തിനു സമീപം ജിതിൻ ഭവനിൽ ബാബുവിന്റെ മകൻ ജിതിൻ ബാബുവിന്റെ (24) കടയിലെത്തിയ മൂന്നംഗ സംഘം ജിതിനെയും മാതാവിനെയും ആക്രമിക്കുകയും 1200 രൂപ തട്ടിയെടുക്കുകയുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ കോലിയക്കോട് സ്വദേശി അരുണും പൂഴിക്കുന്ന് സ്വദേശി സജുവും നേരത്തെ പൊലീസ് പിടിയിലായിരുന്നു. വ്യക്തിവിരോധമാണ് അക്രമണത്തിനിടയാക്കിയതെന്ന് നേമം പൊലീസ് പറഞ്ഞു.