ff
നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചകിത്സയിൽ കഴിയുന്ന വിജയദാസ്

നെയ്യാറ്റിൻകര: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കേരളകൗമുദി പൂവാർ ലേഖകൻ ഇരുമ്പിൽ സ്വദേശി വിജയദാസിനെ (48) പുറകിൽ നിന്ന് ബൈക്കിലെത്തിയ ആൾ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിൻകര പെട്രോൾ പമ്പിന് സമീപം ദേശീയപാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിജയദാസിനെ പുറകിലൂടെ ബൈക്കിൽ അതിവേഗതയിൽ വന്ന് ഇടിച്ചിടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരുടെ നിർദ്ദേശ പ്രകാരം ഇയാൾ വിജയദാസിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒ.പി ടിക്കറ്റുമായി കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതേവരെ മൊഴിയെടുക്കുവാൻ പോലും ആശുപത്രിയിലെത്തിയിട്ടില്ല. സ്‌കാനിംഗ് നടത്തിയപ്പോൾ വിജയദാസിന്റെ നട്ടെല്ലിന് ഗുരുതരമായ പൊട്ടലുണ്ടെന്ന് കണ്ടെത്തി.
നെയ്യാറ്റിൻകര നഗരസഭയിലെ മുൻ കൗൺസിലർ കൂടിയായിരുന്നു വിജയദാസ്. സി.സി.ടിവി കാമറ പരിശോധിച്ചാൽ ഇടിച്ചിട്ടയാളെ കണ്ടുപിടിക്കാമെങ്കിലും പൊലീസ് അനങ്ങുന്നില്ലെന്ന് പരാതിയുണ്ട്. മനഃപൂർവം ഇടിച്ചിട്ടതായി സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരാതിനൽകാനുളള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.