നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയ്ക്കിടെ എയർലൈൻ ജീവനക്കാരനോട് ബാഗിൽ ബോംബാണെന്ന് തമാശ പറഞ്ഞ ആൾ സി.ഐ.എസ്.എഫിന്റെ പിടിയിലായി. നെടുമ്പാശേരിയിൽ നിന്നും ശ്രീലങ്കൻ എയർവേയ്സിൽ കൊളംബോ വഴി ദോഹയിലേക്ക് പോകാനെത്തിയ ചാലക്കുടി ഇലഞ്ഞിപ്പാറ വള്ളത്തുപറമ്പിൽ വി.എൻ. രവിനാരായണൻ (60)ആണ് കുടുങ്ങിയത്. തുടർന്ന് നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇയാളുടെ യാത്രയും മുടങ്ങി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ പതിവ് സുരക്ഷ പരിശോധനകൾക്ക് ശേഷം രവി ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ കയറി ഒന്ന് 'മിനുങ്ങി'. ശേഷം വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരുടെ ബാഗുകൾ വിമാനക്കമ്പനി ജീവനക്കാർ വീണ്ടും പരിശോധിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന രവി ബാഗിൽ ബോംബാണെന്ന് പറയുകയായിരുന്നു. ഇതോടെ വിമാനകമ്പനി ജീവനക്കാർ വിവരം സി.ഐ.എസ്.എഫിന് കൈമാറി. തുടർന്ന് വിശദപരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല. എന്നാൽ യാത്രക്കാരനെ നെടുമ്പാശേരി പൊലീസിന് കൈമാറി.
വ്യാജ പ്രചാരണം നടത്തി പൊതുഗതാഗതത്തെ തടസപ്പെടുത്തിയതിന് 118 (ബി) പൊലീസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി സി.ഐ പി.എം. ബൈജു പറഞ്ഞു. സൗദിയിൽ ഓയിൽ കമ്പനിയിൽ 30 വർഷത്തോളമായി ജോലി ചെയ്യുകയാണ് രവി നാരായണൻ. വിശദമായ പരിശോധനയിൽ മറ്റ് കേസുകളിൽ പ്രതിയല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചത്.