snake

കൊച്ചി: പൊലീസ് ജീപ്പിൽ കയറി വി.വി.ഐ.പി യാത്രക്കൊരുങ്ങിയ പാമ്പിനെ പൊലീസുകാർ പിടികൂടി തല്ലിക്കൊന്നു. പോത്താനിക്കാട് സി.ഐ യുടെ ജീപ്പിലാണ് കക്ഷി ഒളിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മൂവുറ്റുപുഴ ഡിവൈ.എസ്.പി കെ അനിൽകുമാർ വിളിച്ചു ചേർത്ത കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതായിരുന്നു പോത്താനിക്കാട് സി.ഐ.

യാത്രയ്ക്കിടയിൽ രണ്ടു പ്രാവശ്യം പൊലീസ് ഡ്രൈവറുടെ സീറ്റിനടിയിലൂടെ എന്തോ ഇഴ ജന്തു പാഞ്ഞു. അടിയന്തര മീറ്റിംഗായതിനാൽ കൃത്യ സമയത്ത് എത്തേണ്ടതുകൊണ്ട് ഡ്രൈവർ കാര്യം കൂടെയിരുന്ന സി.ഐ യെ അറിയിച്ചില്ല. പായുന്നത് പാമ്പാണെന്ന് മനസിലായതുമില്ല. മൂവാറ്റുപുഴയിലെത്തി സി.ഐയെ മീറ്റിംഗിനു വിട്ടശേഷം ഡ്രൈവർ 'അതിക്രമിച്ച് വണ്ടിയിൽ കയറിയ പ്രതിയെ' കണ്ടെത്താൻ പരിശോധന തുടങ്ങി. വണ്ടിയുടെ ബോണറ്റടക്കം അരിച്ചു പെറുക്കി. വണ്ടിയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പുറത്തിറക്കി ഒരു മണിക്കൂറോളം പരിശോധിച്ചപ്പോഴും കക്ഷി ഒളിവിൽ തന്നെയായിരുന്നു. ഒടുവിൽ ജീപ്പിലിരുന്ന പൊലീസ് ഹെൽമെറ്റെടുത്തപ്പോഴാണ് മണിക്കൂറുകളോളം തന്നെ ചുറ്റിച്ച ഭീകരനെ കണ്ടെത്തുന്നത്. ഹെൽമെറ്റിനുള്ളിൽ സുഖവാസത്തിലായിരുന്നു പാമ്പ്.

പുറത്തു ചാടിയ പാമ്പ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ലാത്തിയുടെ ചൂടിൽ പാമ്പ് വടിയായി. കുഞ്ഞായതിനാൽ എന്തു പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രളയരക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് വാഹനം നിരവധി ഉൾപ്രദേശങ്ങളിൽ പോയിരുന്നു. അതിനിടയിൽ ജീപ്പിൽ കയറിക്കൂടിയതാകാം പാമ്പെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും കടിയേൽക്കാതെ രക്ഷപ്പെട്ട സന്തോഷത്തിലാണ് സി.ഐ യും ഡ്രൈവറും.