ശിവഗിരി: അമേരിക്കയിലെ ശിവഗിരി ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്കൂൾ ഒഫ് വേദാന്തയുടെ മുഖ്യാചാര്യൻ സ്വാമി മുക്താനന്ദ എന്നിവരുടെ കാർമ്മികത്വത്തിൽ ഉച്ചയ്ക്ക് 12.30നാണ് ശിലാസ്ഥാപനം.

വെളുപ്പിന് ശാന്തിഹവനം, മഹാഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം എന്നിവയും ഉണ്ടായിരിക്കും. ശിലാസ്ഥാപനത്തിനു ശേഷം ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നടക്കും. ഭാരതത്തിനു പുറത്ത് ശിവഗിരിമഠം സ്ഥാപിക്കുന്ന ആദ്യത്തെ ആശ്രമ ശാഖയാണിത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ പ്രവർത്തിച്ചുവരുന്ന ഗുരുധർമ്മ പ്രചാരണസഭ യൂണിറ്റുകളുടെ ഏറെക്കാലമായുളള ആഗ്രഹമാണ് ശിവഗിരി ആശ്രമം. ആശ്രമത്തിനനുയോജ്യമായ ഭൂമി കണ്ടെത്തുന്നതുൾപ്പെടെയുളള കാര്യങ്ങളിൽ അമേരിക്കയിലെ സഭാ പ്രവർത്തകരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നതായി ആശ്രമസ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്ന ശിവഗിരിമഠത്തിന്റെ പ്രതിനിധി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. 50 സ്റ്റേറ്റുകളുളള അമേരിക്കയുടെ 28-ാമത്തെ സ്റ്റേറ്റായ ടെക്സാസിലെ ഡാളസ് പട്ടണത്തോട് ചേർന്ന ഗ്രാന്റ്പ്രയറിയിൽ പ്രകൃതി രമണീയമായ മൂന്നര ഏക്കർ സ്ഥലത്താണ് ശിവഗിരി മഠത്തിന്റെ ശാഖാ ആശ്രമം സ്ഥാപിക്കുന്നത്. ഒന്നാംഘട്ടമായി ആറായിരം ചതുരശ്ര അടി വിസ്തീർണമുളള ആശ്രമസമുച്ചയമാണ് നിർമ്മിക്കുന്നത്. അതിഥികൾക്ക് താമസിക്കാനുളള സൗകര്യത്തിനു പുറമേ പ്രാർത്ഥനാലയം, ലൈബ്രറി, യോഗ-ധ്യാന കേന്ദ്രം, പ്രസിദ്ധീകരണവിഭാഗം, ഭക്ഷണശാല, ഗുരുമന്ദിരം എന്നിവ ഒന്നാംഘട്ടത്തിലുണ്ടാവും. അതോടൊപ്പം ഗുരുദേവ ദർശനത്തിൽ തുടർപഠനത്തിനും ഗവേഷണത്തിനുമുളള സൗകര്യവും ഉണ്ടായിരിക്കും. ആശ്രമം സ്ഥാപിക്കുന്ന സ്ഥലത്തിനു മാത്രം മൂന്ന്കോടിയിലേറെ രൂപ ചെലവായിട്ടുണ്ട്. 30 കോടിയിലധികം രൂപയാണ് ആശ്രമസമുച്ചയത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പാശ്ചാത്യലോകത്ത് ഗുരുധർമ്മം പ്രചരിപ്പിക്കാനുളള പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരിക്കും അമേരിക്കയിലെ ശിവഗിരി ആശ്രമം. മറ്റു രാജ്യങ്ങളിലും ആശ്രമശാഖകൾ സ്ഥാപിക്കുന്നതിനുളള മുന്നോടിയും പ്രചോദനവുമായിരിക്കും ഈ ശാഖാആശ്രമം. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും ഒരേപോലെ സ്നേഹിച്ച് പരിപാലിക്കാൻ ഉതകുംവിധമുളള സാമൂഹ്യ സേവന പദ്ധതികളിലൂടെ അമേരിക്കൻ പൊതുമനസിനെ ആകർഷിക്കുക എന്ന മഹാദൗത്യവും ആശ്രമസ്ഥാപനത്തിനു പിന്നിലുണ്ടെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു. നാരായണഗുരുവിന്റെ നേർശിഷ്യനും നാരായണഗുരുകുല സ്ഥാപകനുമായ നടരാജഗുരുവും അദ്ദേഹത്തിന്റെ ശിഷ്യനായ ഗുരുനിത്യചൈതന്യയതിയും ഉൾപ്പെടെയുളള ഗുരുശിഷ്യ പരമ്പരയിലെ സന്യാസി ശ്രേഷ്ഠരാണ് ആദ്യമായി ഗുരുദേവദർശനം അമേരിക്കൻ ഐക്യനാടുകളിലെത്തിച്ചത്. ഇപ്പോഴത്തെ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദും ഗുരുദർശന പുണ്യവുമായി ഒട്ടേറെ പ്രാവശ്യം അമേരിക്കൻ ഐക്യനാടുകൾ സന്ദർശിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം തുടർച്ചയായാണ് ശിവഗിരിമഠത്തിന്റേതായി അമേരിക്കയിൽ ആശ്രമശാഖ സ്ഥാപിക്കപ്പെടുന്നത്.