കുളത്തൂർ: ജഗത്ഗുരു ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവ ക്ഷേത്രത്തിലെ തീർത്ഥാടന പൈതൃക കേന്ദ്രമായ അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 5 ന് പുതിയ അമിനിറ്റി സെന്ററിലെ ആഡിറ്റോറിയത്തിൽ വാർഡ് കൗൺസിലർ മേടയിൽ വിക്രമന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അമിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും. മേയർ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. ഡോ.ശശിതരൂർ എം.പി, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഹാബിറ്റാറ്റ് ചെയർമാൻ ആർ.ശങ്കർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ടൂറിസം ഡയറക്ടർ പി.ബാലകിരൺ റിപ്പോർട്ടും അവതരിപ്പിക്കും.ക്ഷേത്ര സമാജം പ്രസിഡന്റ് എൻ.തുളസീധരൻ കൃതജ്ഞത പറയും. വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണം ക്ഷേത്ര സമാജം വൈസ് പ്രസിഡന്റ് അഡ്വ.എസ്.സതികുമാർ നിർവഹിക്കും. ചടങ്ങിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ബിന്ദുമണി.എസ്, കൗൺസിലർമാരായ എസ്.ശിവദത്ത്, സുനിചന്ദ്രൻ, പ്രതിഭ ജയകുമാർ, ആറ്റിപ്ര ജി.സദാനന്ദൻ, അയ്യപ്പൻ ചെട്ടിയാർ, അജയകുമാർ, ശ്രീകുമാർ, മൺവിള സൈനുദ്ദീൻ, ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ്ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. കേരള വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന തീർത്താടക പൈതൃക സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചിലവഴിച്ചാണ് അമിനിറ്റി സെന്റർ നിർമ്മിച്ചത്. 450 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഹാളും 800 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും ഉൾപ്പെടുന്നതാണ് പദ്ധതി. കഴക്കൂട്ടം മണ്ഡലത്തിൽ കോലത്തുകരയെ കൂടാതെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,കഴക്കൂട്ടം മഹാദേവ ക്ഷേത്രം, അണിയൂർ ദുർഗാ ഭഗവതി ക്ഷേത്രം, മൺവിള ശ്രി ബാലസുബ്രമണ്യ സ്വാമി ക്ഷേത്രം, അലിയാവൂർ ശിവക്ഷേത്രം,കല്ലിംഗൽ കുശമുട്ടം ഭഗവതി ക്ഷേത്രം, ചെല്ലമംഗലം ദേവീക്ഷേത്രം, കടകംപള്ളി വലിയ ഉദ്ദേശ്വര ക്ഷേത്രം, ആവുക്കുളം ശ്രിധർമ്മ ശാസ്താ ക്ഷേത്രം, പുതുകുന്ന് സി.എസ്.ഐ.ചർച്ച് തുടങ്ങിയ ആരാധനാലയങ്ങളെല്ലാം തീർത്ഥാടന ഇടത്താവളങ്ങളായി മാറുകയാണ്.