fff

നെയ്യാറ്റിൻകര : സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സ് കലോത്സവത്തിന് ഡോ. ജി.ആർ പബ്ലിക് സ്‌കൂളിൽ തിരശീല ഉയർന്നു. ഇന്നലെ രാവിലെ 9 ന് ഡോ.ജി.ആർ ഹാൾ ഒഫ് കൾച്ചറിൽ നടന്ന സമ്മേളനം നടൻ ശരത് അപ്പാനി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ ഇന്നത്തെ കലാകാരന്മാർ നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തിൽ ജീവൻ പൊലിഞ്ഞവർക്കും കാണാതായവർക്കുമായുള്ള പ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഡോ. ജി.ആർ പബ്ലിക് സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി അനുഗ്രഹ പ്രഭാഷണം നടത്തി. സഹോദയ പ്രസിഡന്റ് ജയശങ്കർ പ്രസാദ് അദ്ധ്യക്ഷനായിരുന്നു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ. ആൻസലൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, സഹോദയ സെക്രട്ടറി ജോയ് എം.വർഗീസ്, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. ഹരികുമാർ, സ്‌കൂൾ മാനേജർ പി. രവിശങ്കർ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീകണ്ഠൻനായർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, പി.ടി.എ പ്രസിഡന്റ് ശരത്കുമാർ എന്നിവർ പ്രസംഗിച്ചു. വടക്കൻ ജില്ലകളിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കുകയും മത്സരങ്ങൾ മാത്രം അവതരിപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് സഹോദയ ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 54 സ്‌കൂളുകളിൽ നിന്നായി അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. 15 വേദികളിലായി 55 ഇനങ്ങളിലെ മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 18ന് സമാപിക്കും.