മഴക്കെടുതിയുടെ നടുവിൽ മറ്റൊരു കർഷകദിനം കൂടി സമാഗതമാവുകയാണ്. നമ്മെ അന്നമൂട്ടുന്ന കർഷകസഹോദരങ്ങളെ ആദരിക്കുന്നതിനും അവരുടെ മഹത്തായ സേവനത്തെ അനുമോദിക്കുന്നതിനുമുള്ള സുദിനമാണ് ചിങ്ങം ഒന്ന്. മലയാളിയുടെ ആണ്ടുപിറവിയാണ് ഇന്ന്. ഇത്തവണ ആലപ്പുഴയിൽ വച്ച് സംസ്ഥാനതല കർഷകദിനാചരണം ഗവർണർ പി.സദാശിവം നിർവഹിക്കാനിരുന്നതാണ്. എന്നാൽ മഴക്കെടുതിയുടെ സാഹചര്യത്തിൽ, ഇത് വേണ്ടെന്നുവച്ചു.
ദുരന്തമുഖത്തുനിന്ന് നമ്മൾ അതിജീവനത്തിന്റെ പാതയിലേക്ക് പതിയെ ചുവടുവയ്ക്കുന്നതിനിടെയാണ് ഇപ്പോൾ പ്രളയസമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്.ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഈ വർഷത്തെ മഴക്കെടുതിയിൽ 31015 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചുപോയി. 1,21,675 കർഷകരെ ഇത് ബാധിച്ചു. പ്രാഥമികമായി 1166.42 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനദണ്ഡങ്ങൾ പ്രകാരം 196 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് മാത്രം ആവശ്യമാണ്.
കേരളം വർഷംതോറും നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലപരവും വിഭവപരവും സാമൂഹ്യവുമായ ആസൂത്രണ പ്രക്രിയയിലൂടെ നമ്മുടെ കാർഷിക സമ്പ്രദായങ്ങളെ അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. കേരളത്തെ ഭൂഘടനയുടെ അടിസ്ഥാനത്തിൽ കാർഷിക പാരിസ്ഥിതിക മേഖലകളായി (അഗ്രോ ഇക്കോളജിക്കൽ സോണുകൾ) തിരിച്ചുകൊണ്ട് കാർഷിക സമ്പ്രദായങ്ങളെ പരിഷ്കരിക്കാനാണ് കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരളകാർഷിക സർവകലാശാല ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മലഞ്ചെരുവുകളിൽ ചെയ്യുന്ന കൃഷി സമ്പ്രദായമാകില്ല, സമതലപ്രദേശങ്ങളിൽ അനുവർത്തിക്കേണ്ടത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശം, ഇടനാടൻ ലാറ്ററൈറ്റ്, മലമ്പ്രദേശം, ഉയർന്ന മലനിരകൾ, പാലക്കാടൻ സമതലം എന്നിങ്ങനെയാണ് കേരളത്തിന്റെ കാർഷിക മേഖലയെ തിരിച്ചിട്ടുള്ളത്. ഈ അഞ്ച് മേഖലകളെ വീണ്ടും 23 സൂക്ഷ്മതല യൂണിറ്റുകളായി (അഗ്രോ-ഇക്കോളജിക്കൽ മാനേജ്മെന്റ് യൂണിറ്റ്) വിഭജിച്ചിട്ടുണ്ട്. ഓരോ അഗ്രോ ഇക്കോളജിക്കൽ സോണുകളിലും മണ്ണിന്റെ ഫലഭൂഷ്ടിയും ജൈവവൈവിദ്ധ്യവും തനത് കാർഷിക സമ്പ്രദായങ്ങൾക്കായി നിലനിറുത്തിക്കൊണ്ടു തന്നെ അതാത് മേഖലകൾക്ക് അനുയോജ്യമായ കൃഷിവിളകളും കാർഷിക മുറകളും ഏതൊക്കെയെന്ന് നിശ്ചയിക്കുന്നതിന് കാർഷിക മേഖലയിലും ഭൂമിശാസ്ത്ര രംഗത്തും വിദഗ്ദ്ധരായ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിക്കും. ഈ വിദഗ്ദ്ധസംഘത്തിന്റെ ശുപാർശകൾക്കനുസരിച്ചാണ് ഓരോ സോണിനും അനുയോജ്യമായ വിളകൾ നിശ്ചയിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്ലാസ്സിക്കൽ ഉദാഹരണമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിറുത്തിക്കൊണ്ടുള്ളതായിരിക്കണം കാർഷിക മേഖലയിലെ ഇടപെടലുകൾ. നെൽവയലുകൾ കേവലം നെൽകൃഷിയ്ക്ക് മാത്രമുള്ളതല്ല. അത് പ്രകൃത്യായുള്ള ജലസംഭരണികളാണ്. മുടക്കം കൂടാതെ നെൽകൃഷി ചെയ്യുമ്പോഴാണ് നെൽവയലുകളുടെ ജലാഗിരണശേഷി വർദ്ധിക്കുകയുള്ളൂ. അങ്ങനെ വന്നാൽ മാത്രമേ ഭൂഗർഭജലനിരപ്പ് ഉയരുകയുള്ളൂ.
നമ്മുടെ നാട്ടിൽ ധാരാളം ചെറുപ്പക്കാർ കാർഷികവൃത്തിയോട് താത്പര്യവുമായി രംഗത്തുവരുന്നുണ്ട്. അവരെ കേവലം കൃഷിക്കാരായി നിലനിറുത്തുക എന്നതല്ല, മറിച്ച് കാർഷിക സംരംഭകരാക്കി മാറ്റുക എന്നതാണ് സർക്കാർ നയം. ഓരോകർഷകനും കാർഷികസംരംഭകനായി മാറണം. അതിനുള്ള കർമ്മപദ്ധതികളാണ് സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. മഹാപ്രളയത്തിനുശേഷം കാർഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കിടപ്പാടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കർഷകർക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാമ്പത്തികസഹായവും നൽകി അവരെ കാർഷികമേഖലയിൽ ഉറപ്പിച്ചുനിറുത്തുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഈ ദൗത്യം നൂറുശതമാനം വിജയത്തിൽ എത്തിക്കാൻ സാധിക്കൂ. എല്ലാവരുടെയും പിന്തുണ ഈ സന്ദർഭത്തിൽ അഭ്യർത്ഥിക്കുന്നു. ലോകമെങ്ങുമുള്ള എല്ലാ കർഷകരുടെയും പാദങ്ങളിൽ ആദരവോടെ പ്രണമിച്ചുകൊണ്ട് ഏവർക്കും കർഷകദിനാശംസകൾ ഹൃദയപൂർവം നേരുന്നു.