കടയ്ക്കാവൂർ: യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിക്കെതിരായ ബോധവത്ക്കരണം നൽകുന്നതിനായി കടയ്ക്കാവൂർ പൊലീസ് സംഘടിപ്പിച്ച കൂട്ടയോട്ടം നിലയ്ക്കാമുക്ക് ജംഗ്ഷനിൽ കടയ്ക്കാവൂർ സി.ഐ. ശ്രീകുമാർ ഫ്ലാഗ് ഒാഫ് ചെയ്തു. എസ്. ഐ വിനോദ് വിക്രമാദിത്യൻ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ ശ്രീ സേതു പാർവതിഭായി ഹയർ സെക്കൻഡറി സ്കൂൾ , വക്കം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , കടയ്ക്കാവൂർ ശ്രീനാരായണ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ നൂറ് കണക്കിന് വിദ്യാർത്ഥികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ടീം സ്പിരിറ്റോടെ നടന്ന കൂട്ടയോട്ടത്തെ വിദ്യാർത്ഥികളുടെ ബാന്റ്മേളവും അനുഗമിച്ചു. കൂട്ടയോട്ടം കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ അവസാനിച്ചു . വിജയികൾക്ക് സമ്മാനദാനം നൽകാനായി ചെക്കാലവിളാകം ജംഗ്ഷനിൽ കൂടിയ യോഗം കടയ്ക്കാവൂർ സി.ഐ. ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കടയ്ക്കാവൂർ എസ്.ഐ. വിനോദ് വക്രമാദിത്യൻ അദ്ധ്യക്ഷത വഹിച്ചു.
ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ഡീന, കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി, എസ്.എസ് .പി.ബി.എച്ച്.എസ്. പി.ടി.എ പ്രസിഡന്റ് റസുൽഷാൻ, ഹെഡ്മിസ്ട്രസ് കെ.ശോഭ, വക്കം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റ് രാജേഷ്, കൊല്ലം സ്റ്റോർ മാനേജിംഗ് ഡയറക്ടർ തുടങ്ങിയവർ സംസാരിച്ചു. കൂട്ടയോട്ടത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കടയ്ക്കാവൂർ സി.ഐ ഫലകങ്ങളും കാഷ് അവാർഡുകളും നൽകി അനുമോദിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിലെയും ചിറയിൻകീഴ് പഞ്ചായത്തിലെയും ഒാരോ വികലാംഗർക്ക് വീൽ ചെയറുകളും നൽകി.