life

തിരുവനന്തപുരം: സൗജന്യമായോ കുറഞ്ഞ നിരക്കിലോ സർക്കാർ നൽകിയ ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിലും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും അത് ധരിക്കുന്നില്ലെന്ന വിവരം ലഭിച്ചതോടെ പരിശോധന കർശനമാക്കാൻ അധികൃതർ രംഗത്തെത്തി. കടലിൽ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ഫിഷറീസ് വകുപ്പിന്റെ നിരന്തര മുന്നറിയിപ്പ് ഉണ്ടെങ്കിലും ധരിക്കാൻ മടി കാണിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. തുടർച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.

മറൈൻ എൻഫോഴ്സ്‌മെന്റിന്റെയും ലോക്കൽ പൊലീസിന്റെയും സഹകരണത്തോടെ വകുപ്പ് തിരച്ചിൽ ശക്തമാക്കുന്നതോടെ സുരക്ഷാ ഉപകരണങ്ങളില്ലാത്ത വള്ളങ്ങൾക്ക് പിടിവീഴും. വള്ളമുടമയ്ക്കെതിരെയാണ് നടപടി. പിഴയും ലൈസൻസ് റദ്ദാക്കലുമടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം വിഴിഞ്ഞത്ത് ശക്തമായ തിരയിൽപെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർ നീന്തി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അവയുണ്ടായിരുന്നെങ്കിൽ മരണം ഒഴിവാക്കാൻ പറ്റുമായിരുന്നെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ ഇതുവരെ 2500 രൂപയുടെ 10,500 ലൈഫ് ജാക്കറ്റുകളാണ് അധികൃതർ വിതരണം ചെയ്തത്. വലിയതുറ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ലിയോൺ പറയുന്നത് തനിക്ക് ലൈഫ് ജാക്കറ്റ് ഇല്ലെന്നാണ്. ചെറുപ്പം മുതൽ കടലിൽ പോകാൻ തുടങ്ങിയതാണെന്നും ലൈഫ് ജാക്കറ്റ് ലഭിച്ചാൽ ഇടുമെന്നും ലിയോൺ പറയുന്നു. സുഹൃത്തായ സുരേഷിന് ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിലും കടലിൽ പോകുമ്പോൾ കൊണ്ടുപോകാതെ വീട്ടിൽ വച്ചിരിക്കും. തന്റെ കൂടെയുള്ളവരാരും അവ ഉപയോഗിക്കാറില്ലെന്നും സുരേഷ് പറയുന്നു. ഇവിടെ ഭൂരിഭാഗം പേരും ജാക്കറ്റ് ധരിക്കാറില്ലെന്നും വള്ളത്തിൽ കൊണ്ടുപോകുന്നവർ തന്നെ ഇടാൻ മടിക്കുന്നുവെന്നും മത്സ്യത്തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വേണം ബോധവത്കരണം

ലൈഫ് ജാക്കറ്റുള്ളവർ പോലും ഇടാൻ മടിക്കുന്നുവെന്നുതന്നെയാണ് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്ററിന്റെ അഭിപ്രായം. അപകടങ്ങളെക്കുറിച്ച് ബോദ്ധ്യമുണ്ടായിട്ടും സുരക്ഷാഉപകരണങ്ങൾ ഉപയോഗിക്കാത്തതിനാൽ ബോധവത്കരണം ആവശ്യമാണ്. ഇത് സംബന്ധിച്ച് ഒരു കാമ്പെയിൻ സംഘടിപ്പിക്കാൻ ഫോറം ആലോചിക്കുന്നുണ്ടെന്നും പീറ്റർ പറഞ്ഞു.

വള്ളങ്ങളുടെ രജിസ്ട്രേഷൻ സമയത്തും വർഷാവർഷം ലൈസൻസ് പുതുക്കുമ്പോഴും ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷാഉപകരണങ്ങൾ വള്ളങ്ങളിലുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതാണ്. ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്ന് നിരവധി തവണ നിർദ്ദേശവും നൽകി. ഇനിയും ലൈഫ് ജാക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കിൽ അവർക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

- ബീന സുകുമാർ

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ