അതികർക്കശമായ സുരക്ഷാ നടപടികൾക്ക് മദ്ധ്യേയായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ രാജ്യം എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിൽ രാജ്യത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന പല കാര്യങ്ങളും ഉൾക്കൊണ്ടിരുന്നു.
കാശ്മീരിന്റെ പദവി മാറ്റം മുതൽ ചെറിയ കുടുംബം എന്ന ആശയം രാജ്യമൊട്ടുക്കും നടപ്പാക്കേണ്ടതിന്റെ ആവശ്യകതവരെ സവിസ്തരം പ്രതിപാദിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ചു ട്രില്ല്യൺ ഡോളറിലെത്തിക്കാനുള്ള ശ്രമത്തിൽ ഊന്നിക്കൊണ്ടുള്ളതായിരിക്കും ഇനിയുള്ള അഞ്ചു വർഷക്കാലത്തെ ഭരണ നടപടികൾ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വിമർശകർ പുരികം ചുളിക്കുന്ന ഒരു ലക്ഷ്യമാണിതെങ്കിലും കഠിന പരിശ്രമം കൊണ്ട് നേടാവുന്നതേയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷം കൊണ്ട് രാജ്യം രണ്ടു ട്രില്ല്യൺ ഡോളറിന്റെ വികാസമാണ് നേടിയതെങ്കിൽ തന്റെ ആദ്യ ടേമിൽ മാത്രം ഒരു ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക നില കൈവരിച്ചതു ഉദാഹരണമായി എടുത്തു കാട്ടിയാണ് മോദി അഞ്ചു ട്രില്ല്യൺ ഡോളറിന്റെ വികസന സ്വപ്നം തികച്ചും സാദ്ധ്യമാണെന്ന അവകാശ വാദത്തിൽ ഉറച്ചുനിന്നത്. വ്യക്തവും ദൃഢവുമായ കർമ്മ പദ്ധതികളുണ്ടെങ്കിൽ ലക്ഷ്യപ്രാപ്തി പൂർണ്ണമായും നേടാനാവില്ലെങ്കിലും അടുത്തെങ്കിലുമെത്താനാകുമെന്നതിൽ തർക്കമില്ല. അതിനായി നയതീരുമാനങ്ങൾ പലതും തിരുത്തുകയോ മാറ്റി എഴുതുകയോ വേണ്ടിവരും. വികസന പ്രക്രിയയ്ക്കു വിഘാതമായി നിൽക്കുന്ന ചട്ടങ്ങൾ പിഴുതെറിയേണ്ടിവരും. രാജ്യം കൂടുതൽ നിക്ഷേപ സൗഹൃദമാകണം. വ്യവസായ മേഖലയും കൃഷിയും ഒരുപോലെ ദ്രുതഗതിയിൽ വളരാൻ പാകത്തിൽ പ്രോത്സാഹന നടപടികൾ ഉണ്ടാകണം. കാർഷിക മേഖലയെ ഉദ്ദേശിച്ച് കേന്ദ്രത്തിൽ പ്രത്യേക ജലശക്തി വകുപ്പു രൂപീകരിച്ച കാര്യം പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി. അതുപോലെ രാജ്യത്തെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ മൂന്നര ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കഴിഞ്ഞാൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രധാനം രാജ്യത്ത് ആദ്യമായി മൂന്നു സേനാ വിഭാഗങ്ങളെയും ഏകോപിപ്പിക്കാൻ ഒരൊറ്റ തലവൻ എന്ന ആശയം നടപ്പാക്കുന്നതു സംബന്ധിച്ചാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) പ്രതിരോധ രംഗത്ത് കാതലായ പരിഷ്കരണം കൂടി ഉദ്ദേശിച്ചുള്ളതാണ്. പല രാജ്യങ്ങളിലും സേനാ വിഭാഗങ്ങളുടെ തലപ്പത്ത് ഈ പദവിയുള്ള വിദഗ്ദ്ധൻ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ അതുണ്ടായില്ല. ആശയം വർഷങ്ങൾക്കു മുമ്പേ ഉള്ളതാണെങ്കിലും അതു നടപ്പാക്കാനുള്ള നിയോഗം മോദി സർക്കാരിനാണ് കൈവന്നിരിക്കുന്നത്. പ്രതിരോധ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടത് പുതിയ സാഹചര്യങ്ങളിൽ അനുപേക്ഷണീയമായതിനാലാണ് സി.ഡി.എസ് എന്ന പദവി കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചത്. മൂന്നുസേനാ വിഭാഗങ്ങളുടെയും ഏകോപനം കൂടുതൽ ഫലപ്രദമാക്കാനുള്ള സംവിധാനം കൂടിയാകും ഇത്.
സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ പ്രധാനമന്ത്രി അവതരിപ്പിച്ച പ്രധാന നിർദ്ദേശങ്ങളിലൊന്ന് ടൂറിസവുമായി ബന്ധപ്പെട്ടതാണ്. സമ്പദ് വ്യവസ്ഥയെ വർദ്ധിത തോതിൽ വളർച്ചയിലേക്കു നയിക്കുമെന്നു മാത്രമല്ല ജനങ്ങൾക്ക് തങ്ങളുടെ രാജ്യത്തെയും ഭിന്ന സംസ്കാര മഹിമയെയും തൊട്ടറിയാൻ കൂടിയുള്ള ഉപാധിയെന്ന നിലയ്ക്കാണ് വിനോദ സഞ്ചാരത്തെ കാണേണ്ടത്. ഓരോ കുടുംബവും അടുത്ത അഞ്ചു വർഷത്തിനിടെ പതിനഞ്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദർശിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. സൗകര്യങ്ങൾ കുറഞ്ഞ സ്ഥലങ്ങളാണെന്നു കരുതി പോകാതിരിക്കരുത്. അത്തരം ഇടങ്ങളിൽ കൂടുതൽ പേർ എത്തുമ്പോൾത്തന്നെ സൗകര്യങ്ങളെല്ലാം പുറകേ വന്നുകൊള്ളുമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ യുക്തിയും യാഥാർത്ഥ്യവുമുണ്ട്. പരിസ്ഥിതിക്കു വൻ വിപത്തായി മാറിക്കഴിഞ്ഞ പ്ളാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരെ ഓരോ പൗരനും ദൃഢപ്രതിജ്ഞയെടുക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. ജനങ്ങൾ ആത്മാർത്ഥമായി വിചാരിച്ചാലേ ഈ വിപത്തിൽ നിന്നു മോചനമുണ്ടാകൂ. കടക്കാർ തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ആലേഖനം ചെയ്ത തുണി സഞ്ചികൾ ഉപയോഗിച്ചാൽ കനംകുറഞ്ഞ പ്ളാസ്റ്റിക് കവർ ഉപയോഗം ഗണ്യമായി കുറയ്ക്കാനാകും. വലിയ കച്ചവടക്കാരും കമ്പനികളും ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് വർഷാരംഭത്തിൽ കലണ്ടറിനും അതുപോലുള്ള സമ്മാന വസ്തുക്കൾക്കുമായി ചെലവഴിക്കുന്നത്. ഈ പണം തുണിസഞ്ചികൾക്കായി വിനിയോഗിച്ചാൽ പരിസ്ഥിതിക്ക് വലിയ നേട്ടമാകും.
വികസന യത്നങ്ങളെ തളർത്തുംവിധമുള്ള ജനസംഖ്യാ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് അണു കുടുംബങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടിയത്. കുട്ടികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ കഴിയുംവിധം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ആഗ്രഹിക്കുന്നതെങ്കിൽ കണക്കിലേറെ കുട്ടികൾ ബാദ്ധ്യത തന്നെയാകും. കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകുന്നില്ലെങ്കിൽ എല്ലാവിധ വികസന പരിപാടികളെയും അതു ബാധിക്കുക തന്നെ ചെയ്യും. വിമർശനങ്ങൾ വിളിച്ചു വരുത്തുന്നതാണെങ്കിലും കുടുംബം ചെറുതാക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയുള്ള പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശം രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതു കൂടിയാണ്. അടിസ്ഥാന വികസന മേഖലയുടെ നവീകരണത്തിനായി അഞ്ചു വർഷത്തിനകം 100 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം നടപ്പാക്കാൻ പോകുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സഫലമായാൽ വലിയൊരു കുതിച്ചു ചാട്ടം തന്നെയാകും അത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും പ്രധാനമന്ത്രി ആവർത്തിച്ചു. ബി.ജെ.പി ഒഴികെ മറ്റു കക്ഷികളിലധികവും അംഗീകരിക്കാത്ത ആശയമാണിത്. തിരഞ്ഞെടുപ്പു ചെലവ് കുറയ്ക്കാൻ മാത്രമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനവധി ആവർത്തനങ്ങൾ ഒഴിവാക്കാനും ഏകീകൃത തിരഞ്ഞെടുപ്പു സമ്പ്രദായം വഴി സാദ്ധ്യമാകും.
സമ്പത്ത് കുന്നുകൂടുന്നവരെ ശത്രുക്കളായി കാണേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്കെതിരെ വാളെടുക്കാൻ ധാരാളം പേർ കാണും. എന്നാൽ, രാജ്യത്തിന്റെ സമ്പദ് ഘടന അവർ കൂടി ഉൾപ്പെട്ടതാണെന്നും സ്വന്തമായി അനുഭവിക്കുന്നില്ലെന്നുമുള്ള ന്യായീകരണവും ഒപ്പമുണ്ട്.