gst

തിരുവനന്തപുരം: ജി.എസ്.ടി വരുമാനം പ്രതീക്ഷിച്ചത്ര കിട്ടാഞ്ഞതോടെ സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിൽ അടിമുടി അഴിച്ചുപണി നടത്താൻ സർക്കാർ ഒരുങ്ങുന്നതായി സൂചന. ബഡ്ജറ്റ് എസ്റ്റിമേറ്രിനെക്കാൾ നികുതി പിരിവിൽ കുറവ് വന്നതോടെയാണിത്. നിലവിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഡി. കമ്മിഷണർ എന്ന നിലയിൽ ഇന്റലിജൻസ് വിഭാഗത്തെ നയിക്കുന്നത്. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനായി കേന്ദ്രതലത്തിലുള്ള ഐ.ആർ.എസ് ഉദ്യോഗസ്ഥനെ വകുപ്പിലെ അഡി. കമ്മിഷണറാക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തിലെ മൂന്ന് മേഖലാ ഡെപ്യൂട്ടി കമ്മിഷണർമാരെയും ജില്ലാ തലത്തിലുള്ള 14 അസി. കമ്മിഷണർമാരെയും മാറ്റി നിയമിക്കാനും ആലോചനയുണ്ടത്രേ.

ഏറ്റവുമധികം വരുമാനമുള്ള കൊച്ചിയിൽ അസസ്‌മെന്റ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മിഷണറില്ല. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന ഒരു ഉദ്യോഗസ്ഥനെ മദ്ധ്യമേഖലയിൽ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണറാക്കുമെന്നും സൂചനയുണ്ട്. ജി.എസ്.ടി വന്നതോടെ ഒരു രാജ്യം ഒരു നികുതി എന്ന നിലയിൽ സംസ്ഥാനാതിർത്തിയിലുള്ള ചെക്ക്‌പോസ്റ്റുകളൊക്ക അടച്ചുപൂട്ടിയിരുന്നു. എന്നാൽ, ഇവിടെ ഇപ്പോഴും എക്‌സൈസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും മറ്റും ചെക്ക്‌പോസ്റ്റുകൾ നിലവിലുണ്ട്. വാറ്റ് നികുതി ചെക്ക്‌പോസ്റ്റുകൾ ഉണ്ടായിരുന്ന സമയത്ത് ചെക്ക്‌പോസ്റ്റിലൂടെ കടന്നാലും വഴിയിൽ ഇന്റലിജൻസ് സ്‌ക്വാഡിന്റെ പരിശോധന നടക്കുമായിരുന്നു. വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകൾ നിന്ന സ്ഥലത്തിന്റെ പരിസരത്ത് ഇപ്പോൾ സർവൈലൻസ് സ്‌ക്വാഡിനെ വച്ചിരിക്കുകയാണ്. എന്നാൽ, അത് നേരത്തെ നടത്തിയ പരിശോധനാ സ്‌ക്വാഡുകളുടെ എണ്ണത്തിന്റെ നാലിലൊന്നുംപോലും വരില്ല.

അതിനിടെ കൈക്കൂലി വാങ്ങിയ ചില ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെന്ന വിവരവും പുറത്തുവരുന്നുണ്ട്. കോഴിക്കോട് സോണിൽ വയനാട്ടിലുള്ള ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ, എറണാകുളം സോണിലെ ഒരു ഓഫീസർ, തിരുവനന്തപുരം സോണിലെ മറ്രൊരു ഉദ്യോഗസ്ഥൻ എന്നിവർ ഇതിനകം കൈക്കൂലി വാങ്ങിയതിനെ തുടർന്ന് സസ്‌പെൻഷനിലായിട്ടുണ്ട്.

കേന്ദ്ര ജി.എസ്.ടി വകുപ്പിനെക്കാൾ നാലിരട്ടി അധികം ജീവനക്കാരുണ്ടായിട്ടും സംസ്ഥാന ജി.എസ്.ടി ഫലപ്രദമായല്ല പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. ഇതേതുടർന്നാണ് വകുപ്പിൽ അഴിച്ചുപണിയ്ക്ക് ഒരുങ്ങുന്നത്. നേരത്തെയുണ്ടായിരുന്ന 98 സ്‌ക്വാഡുകളും നിലനിറുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം സർവൈലൻസ് സ്‌ക്വാഡുകളും പ്രവർത്തിക്കും. ഒരേ ഇവേ ബിൽ അതിർത്തിയിൽ പല തവണ ഉപയോഗിച്ചും മറ്രും നടത്തുന്ന വെട്ടിപ്പ് തടയാനും പ്രത്യേകം നടപടി വരുമെന്നും സൂചനയുണ്ട്.