തിരുവനന്തപുരം: പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കുവേണ്ടി കുഞ്ഞുമനസുകൾ ഒത്തുശ്രമിച്ചപ്പോൾ കിട്ടിയത് ഒരു സ്‌കൂൾബസ് നിറയെ സാധനങ്ങൾ. കോട്ടൺഹിൽ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ, നോട്ടുബുക്കുകൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ തരം തിരിച്ച് അമ്പതോളം പായ്ക്കറ്റുകളിലാക്കി നഗരസഭയിൽ എത്തിച്ചു. മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ കെ.ബുഹാരി, പി.ടി.എ അംഗങ്ങളായ സുജിത, അനില ബിനോജ്, ലക്ഷ്മി .എസ്.വി, സ്മിത, ദിവ്യ ബി. ജോൺ, സ്കൂൾ ലീഡർ ഉമ .എസ്, ക്ലാസ് ലീഡർമാർ എന്നിവർ നേതൃത്വം നൽകി.