തിരുവനന്തപുരം: ചിങ്ങത്തിലെ തിരുവോണനാളിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓണവില്ലുകൾ കരമന മേലാറന്നൂർ വിളയിൽവീട്ടിൽ ഒരുങ്ങുന്നു. തിരുവോണനാളായ സെപ്തംബർ 11ന് പുലർച്ചെ അഞ്ചിനും ആറിനും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ശ്രീപദ്മനാഭസ്വാമിക്കും നരസിംഹ മൂർത്തിക്കും ശാസ്താവിനും വിനായകനും ചാർത്തുന്നതിനായി ഓണവില്ലുകൾ കരമന മേലാറന്നൂരിലെ ഓണവില്ല് കുടുംബം സമർപ്പിക്കും. മേലാറന്നൂർ വിളയിൽവീട്ടിൽ 41 ദിവസം വ്രതമെടുത്താണ് ഓണവില്ല് തയ്യാറാക്കുന്നത്. ഇവർക്ക് പാരമ്പര്യമായി കൈമാറി കിട്ടിയ അവകാശമാണ് ഓണവില്ല് സമർപ്പണം. നാഗേന്ദ്രനാചാരി, ആർ.ബി.കെ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് ഓണവില്ലുകൾ തയ്യാറാക്കുന്നത്. ദേവഗണത്തിൽ പെട്ട മഞ്ഞക്കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ പലക വഞ്ചിയുടെ മാതൃകയിൽ അറുത്തെടുത്ത് അവയിൽ മൂലമന്ത്രം ചൊല്ലി തയ്യാറാക്കിയ നിറക്കൂട്ടുകൾ കൊണ്ടാണ് ശ്രീപദ്മനാഭസ്വാമിയുടെ വീരശയനം, മഹാവിഷ്ണുവിന്റെ ദശാവതാരം, ശ്രീരാമകഥകൾ, ശ്രീകൃഷ്ണലീല, ശാസ്താവിന്റെയും വിനായകന്റെയും ചിത്രങ്ങൾ എന്നിവ വരയ്ക്കുന്നത്. ആകെ ആറു ജോഡി വില്ലുകളാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഓണവില്ല് സമർപ്പണ ചടങ്ങിന് ശേഷം ആചാരിയും കുടുംബവും ദക്ഷിണയും വസ്ത്രവും ഓണക്കോപ്പും വാങ്ങി ഓണവില്ല് ചാർത്തിയ ഭഗവാനെ ആദ്യം ദർശിച്ചു മടങ്ങും. തിരുവോണം, അവിട്ടം, ചതയം നാളുകളിൽ ഓണവില്ലുകൾ ചാർത്തിയിരിക്കും. നാലാം നാൾ ഓണവില്ലുകൾ പുറത്തെടുത്ത ശേഷം ഒരു വർഷം രാജകുടുംബത്തിന്റെ പൂജാമുറിയിൽ സൂക്ഷിക്കുന്നതാണ് ആചാരം.