തിരുവനന്തപുരം : ദുരിതകാലത്ത് സഹജീവികളെ സഹായിക്കാൻ രാപ്പകലില്ലാതെ പ്രയത്നിച്ച നഗരസഭാ മേയറും ഒരുകൂട്ടം ചെറുപ്പക്കാരും ദൗത്യം വിജയകരമായി പൂർത്തിയാക്കി. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ രാത്രിയും പകലുമില്ലാതെ എട്ടു ദിവസം പണിപ്പെട്ട് 75 ലോഡ് അവശ്യസാധനങ്ങളാണ് ഇവർ കയറ്റി അയച്ചത്. ആകെ 800 ടൺ സാധനങ്ങളാണ് നഗരത്തിൽ നിന്നും ശേഖരിച്ചത്. ഇന്നു മുതൽ സഹായം നൽകാൻ ആഗ്രഹിക്കുന്നവർ എസ്.എം.വി സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കളക്ഷൻ പോയിന്റിലെത്തിക്കണമെന്നും മേയർ അറിയിച്ചു. ഇന്നലെ രാത്രിയോടെ നഗരസഭാ ഓഫീസിലും വഴുതക്കാട് വിമെൻസ് കോളേജിലും പ്രവർത്തിച്ചിരുന്ന കൗണ്ടറുകൾ അവസാനിപ്പിച്ചു. കേക്ക് മുറിച്ച് ആഘോഷിച്ചുകൊണ്ടാണ് ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. ഗ്രീൻ ആർമിയിലെ 350 വോളന്റിയർമാരോടൊപ്പം നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്ത 1884 പേരും ഉൾപ്പെടുന്ന ചെറുപ്പക്കാരുടെ സംഘമാണ് അക്ഷീണം പ്രവർത്തിച്ചത്. വഴുതക്കാട് വിമെൻസ് കോളേജിൽ സിഗ്നേച്ചർ ഓഫ് നിശാഗന്ധി, ഫോണിക്സ് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള 1232 പേരാണ് ശേഖരണ കൗണ്ടറിലുണ്ടായിരുന്നത്. നഗരസഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായ യുവജനങ്ങളെ കോർത്തിണക്കി ദുരന്തനിവാരണ സേനയ്ക്കും നഗരസഭ രൂപം നൽകി.
മേയർ ബ്രോ ഹാപ്പിയാണ്
മേയർ ബ്രോയെന്ന വിളിപ്പേരിൽ ഏറെ സന്തോഷമുണ്ടെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് ഒരുകൂട്ടം യുവജനങ്ങളുടെ സഹകരണം കൊണ്ടാണ്. ഇവരെ ഒരുമിപ്പിക്കാനും നേതൃത്വം നൽകാനുമായതിൽ ചാരിതാർത്ഥ്യമുണ്ട്. യാതൊരു മടിയുമില്ലാതെ വാഹനങ്ങളുമായി കിലോമീറ്ററുകൾ സഞ്ചരിക്കാൻ തയ്യാറായ ലോറി ഡ്രൈവർമാരോടും നന്ദിയുണ്ട്. നഗരസഭയുടെ ഈ വിജയത്തിന് അവകാശികൾ ഇവരാണെന്നും മേയർ പറഞ്ഞു.
എട്ടു ദിവസം കൊണ്ട് അയച്ചത് 75 ലോഡ്