തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഒറ്റ നമ്പർ ആയ 112 സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. ഇതോടെ അടിയന്തരസഹായ സംവിധാനത്തിന് ഏകീകൃത സ്വഭാവം കൈവന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേക്ക് 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ അതിവേഗം സഹായം ലഭിക്കുന്ന രീതിയിലാണ് കൺട്രോൾ റൂം. അടിയന്തര സഹായങ്ങൾക്ക് രാജ്യമെങ്ങും ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പുതിയ സംവിധാനം നിലവിൽ വന്നത്. ഫയർ ഫോഴ്‌സ് സേവനങ്ങൾക്ക് നിലവിലുള്ള നമ്പറായ 101, ആരോഗ്യ സേവനങ്ങൾക്കുള്ള 108, സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ലഭിക്കാനുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തും.
കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ എവിടെ നിന്നാണെന്ന് തിരിച്ചറിയാനാകും. ജില്ലാതല കൺട്രോൾ സെന്ററുകൾ മുഖേന കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉടനെ പൊലീസ് സഹായം ലഭിക്കും. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് വഴിയും സേവനം തേടാം. ആപ്പിലെ പാനിക്ക് ബട്ടൻ അമർത്തിയാൽ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കുകയും ഈ നമ്പറിലേക്ക് തിരികെ വിളിക്കുകയുംചെയ്യും.
പൊലീസിന്റെ ജനമൈത്രിയുടെ മുഖമാണ് ഇതെന്നും ജനങ്ങൾക്കൊപ്പം പൊലീസ് ഉണ്ടെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് പൊലീസ് നടത്തിയ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം മത്സ്യത്തൊഴിലാളികൾക്കു നൽകി മുഖ്യമന്ത്റി പ്രകാശനം ചെയ്തു.