ganapathiyamkovil

മുടപുരം: അഴൂർ ഗണപതിയാം കോവിൽ ജംഗ്‌ഷനിൽ നിന്നും കോളിച്ചിറ റോഡിൽ എത്തുന്ന ഗണപതിയാംകോവിൽ - കോളിച്ചിറ റോഡ് തകർന്നിട്ട് നാളേറെയായി. വെള്ളക്കെട്ടും ഗട്ടറും മൂലം കാൽനട യാത്രപോലും ദുഃസഹമായിരിക്കുകയാണ്. ഇരുചക്രവാഹന യാത്രയും അപകടകരം. കാറും മറ്റ് വലിയ വാഹനങ്ങൾക്കും ചളിയിലൂടെയും ഗട്ടറിലൂടെയും ഇറങ്ങി കയറി മാത്രമേ യാത്ര ചെയ്യാനാകൂ .ഇത് പുറത്ത് നിന്നും വരുന്ന വാഹനങ്ങളെയും റോഡിന്റെ ഇരുവശവും താമസിക്കുന്ന 50 -ൽ പരം കുടുംബങ്ങളെയും സാരമായി ബാധിക്കുന്നു. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിൽ നിന്നും മഞ്ചാടിമൂട് - കോളിച്ചിറ റോഡിൽ വന്നു ചേരുന്ന റോഡാണിത്.

7 വർഷം മുൻപ് ഗണപതിയാം കോവിൽ റോഡിൽ നിന്നും പകുതി ഭാഗം റോഡ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് റീ - ടാർ ചെയ്തെങ്കിലും ബാക്കി ഭാഗം ആരും പുതുക്കി പണിതില്ല. അതിനാൽ ബാക്കിയുള്ള പകുതിഭാഗം ആണ് ഏറെ നാശമായി കിടക്കുന്നത്. പകുതി ഭാഗത്ത് ഓട നിർമ്മിച്ചെങ്കിലും ബാക്കി ഭാഗം ഓട നിർമ്മിക്കാത്തതാണ് റോഡ് ഇത്രയും താറുമാറാകാൻ പ്രധാന കാരണം. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ ഓട ഇല്ലാത്തതിനാൽ റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ റോഡ് പുതുക്കി പണിയാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡ് ടാർ ചെയ്യാൻ അഴൂർ, ചിറയിൻകീഴ്, ഗ്രാമ പഞ്ചായത്തുകൾ മുൻകൈ എടുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

അഴൂർ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയാണ് ഈ റോഡ്. എന്നാൽ രണ്ട് ഗ്രാമപഞ്ചായത്തുകളും റോഡ് നവീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.