kerala-flood-
KERALA FLOOD

തിരുവനന്തപുരം:മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ അഞ്ച് മൃതദേഹങ്ങൾ കൂടി ലഭിച്ചതോടെ കാലവർഷക്കെടുതിയിൽ മരണം 111 ആയി. 21 പേരെ ഇനി കണ്ടെത്താനുണ്ട്. വയനാട് പുത്തുമലയിലെ ഏഴ് പേരെയും ചേർത്ത് 28പേരെയാണ് കണ്ടെത്താനുള്ളത്.

വിവിധ കേന്ദ്രങ്ങളിലെ 891 ക്യാമ്പുകളിൽ 46,450 കുടുംബങ്ങളിലെ 1,47,286 പേരാണ് കഴിയുന്നത്.

കനത്ത മഴ ശമിച്ചത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇന്നലെ അഞ്ച് മൃതദേഹങ്ങളാണ് കവളപ്പാറയിൽ പുറത്തെടുത്തത്.ദേവയാനി (52), നീലി(59), വിജയൻ(58), സുശീല(35), കിഷോർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ചെളി മൂടിക്കിടക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിൽ ഫലപ്രദമായിരുന്നില്ല. മഴ ഒഴിഞ്ഞതോടെ തെരച്ചിൽ കുറെക്കൂടി എളുപ്പമായിട്ടുണ്ട്. മണ്ണിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന ജി.പി.ആർ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ) ഹൈദരാബാദിലെ ജിയോ ഫിസിക്കൽ ഇൻസ്റ്രിറ്റ്യൂട്ടിൽ നിന്ന് എത്തിക്കാൻ നടപടി തുടങ്ങിയതാണ്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞതിനാൽ ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ലെന്നാണ് ഹൈദരബാദിലെ ഇൻസ്റ്റിറ്ര്യൂട്ടുകാർ ജില്ലാ കളക്ടറെ അറിയിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

തെരച്ചിൽ കൂടുതൽ ദുഷ്‌കരമായത് പുത്തുമലയിലാണ്. ഏഴുദിവസത്തെ തെരച്ചിലും ഫലം കണ്ടിട്ടില്ല. ഏഴ് പേരെയാണ് കണ്ടെത്താനുള്ളത്. സ്നിഫർ ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ചെളിയിലേക്ക് ഇറങ്ങാൻ സ്നിഫർ ഡോഗിന് കഴിഞ്ഞില്ല. ഉരുൾപൊട്ടൽ മേഖലയിലേക്ക് പോകാൻ പുതുതായി റോഡുവെട്ടിയിട്ടുണ്ട്. 15 ഹിറ്റാച്ചി യന്ത്രങ്ങളാണ് ഇപ്പോൾ തെരച്ചിലിന് ഉപയോഗിക്കുന്നത്. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്‌സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ദ്ധ്യമുള്ള സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തിയാണ് തിരച്ചിൽ. കോഴിക്കോട് നിന്നെത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രവർത്തകർ ഭൂപടം തയ്യാറാക്കി തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായവരുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലാണ് ഇന്നലെ തെരച്ചിൽ നടന്നത്.

ഇതുവരെയുള്ള കണക്ക് പ്രകാരം കാലവർഷക്കെടുതിയിൽ 1,116 വീടുകൾ പൂർണ്ണമായും 11,935 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.