തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പാതിവഴിയിൽ. പദ്ധതിയുടെ ചുമതലയിൽ നിന്നും റിലയൻസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
ധാരണപത്രം ഒപ്പ് വച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ട നടപടികൾ റിലയൻസ് ചെയ്തില്ലെന്നും ഇത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നും ധനമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. .സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ റിലയൻസിന് കഴിഞ്ഞില്ല, ഉൾപ്പെട്ട ആശുപത്രികൾക്ക് വേണ്ടത്ര സൗകര്യങ്ങളുമില്ല. പല ജില്ലകളിലും ജില്ലാ ആശുപത്രികളും മറ്ര് സർക്കാർ ആശുപത്രികളും മാത്രമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
റിലയൻസിന് ചുമതല നൽകിയതിന് പിന്നാലെ സ്വകാര്യ ആശുപത്രികളും സർവീസ് സംഘടനകളും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. റിലയൻസുമായി സർക്കാർ ആദ്യം ധാരണപത്രം മാത്രമാണ് ഉണ്ടാക്കിയത്. ഒപ്പിട്ടിരുന്നെങ്കിൽ ആദ്യം തന്നെ 140 കോടി രൂപ റിലയൻസിന് നൽകണമായിരുന്നു.
പുതിയ പദ്ധതി ആഗസ്റ്റ് ഒന്നിനാണ് നിലവിൽ വന്നത്. എല്ലാ സർക്കാർ ജീവനക്കാരെയും പദ്ധതിയിൽ അംഗങ്ങളാക്കി. അഞ്ച് ലക്ഷത്തിലധികം ജീവനക്കാരും അതിലേറെ പെൻഷൻകാരും കൂടാതെ സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് എന്നിവരും പദ്ധതിയിൽ അംഗങ്ങളാണ്. ഒരാൾക്ക് രണ്ട് ലക്ഷം രൂപവരെയുള്ള കവറേജാണ് ലഭിക്കുക. ഓരോ ജീവനക്കാരനിൽ നിന്നും സർക്കാർ പ്രതിമാസം 250 രൂപ വീതം ശമ്പളത്തിൽ നിന്ന് പിടിക്കും. സർക്കാരിന് വിഹിതമില്ല. ഇതുപ്രകാരം ഒരു ജീവനക്കാരനിൽ നിന്ന് പ്രതിവർഷം 2992.48 വീതം സർക്കാർ റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകേണ്ടിയിരുന്നു.
ഇൻഷ്വറൻസ് കവറേജ് കുറഞ്ഞതും സ്വകാര്യ ആശുപത്രികളൊന്നും പദ്ധതിയിൽ ചേരാതിരുന്നതും ജീവനക്കാരുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. തുച്ഛമായ തുക മാത്രമാണ് പദ്ധതി പ്രകാരം ജീവനക്കാരെ ചികിത്സിക്കുമ്പോൾ ആശുപത്രികൾക്ക് കിട്ടുക. പല മാരക രോഗങ്ങൾക്കും കവറേജ് ഉണ്ടായിരുന്നില്ല. വ്യവസ്ഥകൾ പരസ്യമായതോടെ ജീവനക്കാർക്ക് പദ്ധതികൊണ്ട് വലിയ പ്രയോജനമില്ലെന്ന ആക്ഷേപം ഉയർന്നു. അതോടെ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ ചേരാൻ വിസമ്മതിച്ചു.