cpm-
CPM

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ്തിരുത്തൽ പ്രക്രിയയുടെ വിശദമായ അവലോകനത്തിനായി ആറ് ദിവസം നീളുന്ന സി. പി. എം. സംസ്ഥാന നേതൃയോഗങ്ങൾ നാളെ (ഞായർ) തുടങ്ങും. ആദ്യത്തെ മൂന്ന് ദിവസം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. ജനമനസ് അറിയാൻ നടത്തിയ ഗൃഹസന്ദർശനങ്ങളിൽ കേട്ട വിമർശനങ്ങളും നിർദ്ദേശങ്ങളും യോഗങ്ങൾ ചർച്ച ചെയ്യും.

ഗൃഹസന്ദർശനത്തിലൂം മറ്റും ലഭിച്ച പ്രതികരണങ്ങൾ ബ്രാഞ്ചടിസ്ഥാനത്തിൽ ക്രോഡീകരിച്ച് ജില്ലാ കമ്മിറ്റികൾക്കും അവർ സംസ്ഥാനസെന്ററിനും കൈമാറാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റികളുടെ ഈ റിപ്പോർട്ടുകളാവും ചർച്ച ചെയ്യുക. ശബരിമല വിഷയത്തിൽ വസ്തുത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ഇടപെടലുകൾ ഉണ്ടാവും. മറ്റ് പോരായ്‌മകൾ ജില്ലാകമ്മിറ്റികൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തൽ നടപടികളുമുണ്ടാവും.

ശബരിമല വിഷയത്തിലടക്കം സർക്കാരിന്റെയും സി.പി.എമ്മിന്റെയും സമീപനം പാർട്ടി അനുഭാവികളിലുൾപ്പെടെ തെറ്റിദ്ധാരണ പരത്തിയെന്നാണ് ഗൃഹസന്ദർശനത്തിൽ നിന്ന് മനസിലായത്. പലരും നേതാക്കളോട് വിമർശനം കടുപ്പിച്ച് തന്നെ പ്രകടമാക്കി. നയത്തിൽ വിയോജിപ്പുണ്ടെങ്കിലും വോട്ട് ചെയ്തെന്ന് പറഞ്ഞവരുമുണ്ട്. പ്രാദേശിക വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിൽ കീഴ്ഘടകങ്ങളിലെ നേതാക്കൾക്ക് വീഴ്ചകളുണ്ടെന്ന വിമർശനവുമുണ്ട്.

വരുന്ന ഉപതിരഞ്ഞെടുപ്പുകളും തുടർന്നുള്ള തിരഞ്ഞെടുപ്പുകളുമെല്ലാം മുന്നിൽ കണ്ട് സംഘടനാസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചർച്ചകളാവും നടക്കുക. സർക്കാരിന്റെ പ്രവർത്തനങ്ങളിലും പോരായ്മകളുണ്ടെങ്കിൽ തിരുത്തും.