j-c-b

പാലോട് : കനത്തമഴയ്ക്കിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് പെരിങ്ങമ്മല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ച് മാറ്റുന്നത് തകൃതിയായി നടക്കുന്നു. പെരിങ്ങമ്മല ഇടവം, കൊച്ചുവിള, പനങ്ങോട്, ഇലവുപാലം തുടങ്ങിയ പ്രദേശങ്ങളിലാണ് ജെ.സി.ബി ഉപയോഗിച്ച് വതോതിൽ മണ്ണിടിച്ചു മാറ്റുന്നത്. മണ്ണിടിക്കുന്നതിന് ജിയോളജി വകുപ്പിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രത്യേക അനുമതി ആവശ്യമാണ്. മലയോരമേഖലയിലെ മണ്ണിടിപ്പ് കൂടുതൽ അപകടങ്ങൾക്ക് ഇടവരുത്തുമെന്ന്
പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇടവത്തിനുസമീപം വീട് വയ്പ്പിന്റെ മറവിലാണ് കുന്ന് ഇടിച്ചു നിരത്തുന്നത്. തെന്നൂർ,കന്യാരുകുഴി പ്രദേശങ്ങളിൽ റോഡ് നിർമ്മാണത്തിന്റെ പേരിലും മണ്ണിടിച്ചു മാറ്റുന്നുണ്ട്. നേരത്തെ കുറുപുഴ വില്ലേജിൽ നിന്നും ഇടിച്ചു മാറ്റിയ നൂറുകണക്കിന് ലോഡ് മണ്ണ് പെരിങ്ങമ്മല പഞ്ചായത്ത് സ്റ്റേഡിയത്തിനുസമീപമാണ് നിക്ഷേപിച്ചത്. അനധികൃത മണ്ണിടിക്കലിനെപ്പറ്റി വില്ലേജിലും റവന്യു അധികൃതരേയും ഫോൺവഴിയോ രേഖാമൂലമോ അറിയിച്ചാലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾക്ക് ആക്ഷേപമുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ പെരിങ്ങമ്മല പഞ്ചായത്തിൽ മാത്രം 40 ലധികം സ്ഥലങ്ങളിൽ നിന്നാണ് വൻതോതിൽ മണ്ണിടിച്ചു കുന്നുകൾ നിരത്തിയതെന്ന് റവന്യു വകുപ്പിനു ലഭിച്ച പരാതികളിൽ പറയുന്നു.