തിരുവനന്തപുരം: കോൺസ്​റ്റബിൾ പരീക്ഷയുടെ വിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള മുഴുവൻ രേഖകളും നടപടിക്രമങ്ങളും ഉടൻ നൽകണമെന്ന് പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പരീക്ഷ നടത്തുന്നതിന്റെ ചുമതലകൾ ആർക്കൊക്കെയാണ്, നടപടിക്രമങ്ങൾ എന്തൊക്കെ, എട്ട് ബറ്റാലിയനുകളുടെ റാങ്ക് പട്ടികകൾ, അതിലെ ആദ്യ 100 റാങ്കുകളിലുള്ളവർ, പരീക്ഷാകേന്ദ്രം മാറ്റിനൽകുന്നതിനുള്ള മാനദണ്ഡം, പ്രതികൾ അപേക്ഷിച്ച പ്രൊഫൈൽ വിവരങ്ങൾ എന്നിവയെല്ലാം നൽകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവ ലഭിച്ചാലേ എന്തൊക്കെ ക്രമക്കേടുകളാണ് നടന്നതെന്ന് കണ്ടെത്താനാവൂ.

പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവ പരിശോധനയ്ക്ക് അയയ്ക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചതും ഉത്തരങ്ങൾ അയച്ചതും ഇവയിൽ നിന്നാണെന്ന് സംശയിക്കുന്നു. ക്രൈംബ്രാഞ്ചിന്റെ കേസിൽ അഞ്ചു പ്രതികളാണുള്ളത്. ഇതിൽ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീർ, അയൽവാസിയും എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറുമായ വി.എം. ഗോകുൽ, സഫീറിന്റെ സുഹൃത്തും യൂണിവേഴ്‌സി​റ്റി കോളജിലെ കുത്തുകേസ് പ്രതിയുമായ പ്രണവ് എന്നിവരുടെ വീടുകളിലായിരുന്നു തെരച്ചിൽ. ഇവർ ഒളിവിലാണെന്ന് അന്വേഷണസംഘം പറഞ്ഞു. പരീക്ഷാസമയത്ത് എസ്.എം.എസ് അയയ്ക്കാൻ ഉപയോഗിച്ച അഞ്ച് ഫോണുകളിലൊന്ന് പ്രണവിന്റെ ബന്ധുവിന്റേതാണ്. ഈ ഫോണും പിടിച്ചെടുത്തെന്നാണ് സൂചന.

മ​റ്റു പ്രതികളായ, യൂണിവേഴ്‌സി​റ്റി കോളേജിലെ കുത്തുകേസിൽ റിമാൻഡിലുള്ള ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ഫോണുകൾ കന്റോൺമെന്റ് പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകൾ കിട്ടാൻ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിക്കും. തട്ടിപ്പിനുപയോഗിച്ചത് ഈ ഫോണുകളാണോ എന്നറിയാൻ ഇവയും ഫോറൻസിക് പരിശോധനയ്ക്ക് അയ്ക്കേണ്ടതുണ്ട്. കുത്തുകേസിൽ പതിനേഴാം പ്രതിയായ പ്രണവ് ജൂലായ് 27 മുതൽ ഒളിവിലാണ്. ഈ കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസിനും ഇയാളെ കണ്ടെത്താനായിട്ടില്ല. മറ്റൊരു പ്രതിയായ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ മെഡിക്കൽ അവധിയിലാണെന്ന് വിവരമുണ്ട്.