തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ്- രണ്ടാം ഗ്രേഡ് നിയമനത്തിന് യോഗ്യതാപരീക്ഷയിൽ നാല്പത് ശതമാനം മാർക്ക് നിർബന്ധമാക്കി ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കി.

യോഗ്യതാപരീക്ഷയിൽ എട്ടും ഒമ്പതും മാർക്ക് നേടിയവർ ലീഗൽ അസിസ്റ്റന്റ് തസ്തികയിൽ കയറിപ്പറ്റുന്നുവെന്ന പരാതി ശരിയാണെന്ന് ഭരണപരിഷ്കാര വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അടക്കം ഇടപെടലോടെ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പുതിയ ഉത്തരവിറക്കിയത്. നീലകണ്ഠക്കുറുപ്പും സംസ്ഥാന സർക്കാരും തമ്മിലുള്ള കേസിൽ നാല്പത് ശതമാനം കട്ട് ഒഫ് മാർക്ക് നിർബന്ധമാക്കി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സി.പി.എം അനുകൂല സംഘടനാ നേതൃത്വത്തിന്റെ ഒത്താശയോടെ സെക്രട്ടേറിയറ്റിൽ ഓഫീസ് അസിസ്റ്റന്റുമാരായി വരുന്നവർ പി.എസ്.സിയെ നോക്കുകുത്തിയാക്കി ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കയറിപ്പറ്റുന്നുവെന്നായിരുന്നു പരാതി. എട്ടും ഒമ്പതും പത്തും മാർക്ക് നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരടക്കമാണ് ഇത്തരത്തിൽ കയറിപ്പറ്റുന്നത്. സുപ്രധാന കേസുകളിൽ സർക്കാരിന് നിയമോപദേശം നൽകേണ്ട നിർണ്ണായക തസ്തികയാണിത്. പി.എസ്.സി റാങ്ക് ജേതാക്കളാണ് ആദ്യം പരാതിയുമായി സർക്കാരിനെ സമീപിച്ചത്. മികച്ച മാർക്ക് നേടിയവരെ തഴഞ്ഞാണ് ഇത്തരത്തിൽ ഓഫീസ് അസിസ്റ്റന്റായി നിയമിക്കപ്പെട്ടവർ ലീഗൽ അസിസ്റ്റന്റ് പരീക്ഷയെഴുതി തീരേ കുറഞ്ഞ മാർക്ക് നേടിയ ശേഷം സംഘടനാസ്വാധീനത്താൽ മറ്റും തസ്തികമാറ്റ നിയമനമെന്ന പഴുതിൽ കയറിപ്പറ്റുന്നത്. നിയമവകുപ്പിലെ എൻട്രി കേഡറും മതിയായ നിയമജ്ഞാനം നിർബന്ധവുമുള്ള തസ്തികയാണ്. പുതിയ ഉത്തരവ് സംഘടനാനേതൃത്വത്തിന്റെ അപ്രമാദിത്തത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.