city-kovalam

ചിറയിൻകീഴ് : മത്സ്യബന്ധനത്തിന് പോയ ബോട്ട് മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപെട്ട് മറിഞ്ഞ് 4 മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജെറാൾഡ്, റെനോയ്, റോഷൻ, കുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളത്തിൽ വീണ ഇവരെ മറ്റ് ബോട്ടുകളിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. അഞ്ചുതെങ്ങ് സ്വദേശിയായ അൽഫോൺസിന്റെ ഫൈബർ വള്ളത്തിലാണ് ഇന്നലെ വൈകിട്ട് നാലംഗ സംഘം മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. മുതലപ്പൊഴിയിൽ അടിക്കടി ബോട്ടപകടം ഉണ്ടാകുന്നതിൽ ക്ഷുഭിതരാണ് നാട്ടുകാർ. മുതലപ്പൊഴിയിലെ അഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന വാദം ഇതിനകം തന്നെ ശക്തമാണ്. മുതലപ്പൊഴി ഹാർബർ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇക്കഴിഞ്ഞ 12ന് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ 2 പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.