വെഞ്ഞാറമൂട്: അഭിഭാഷകനെയും കുടുംബത്തെയും ആക്രമിച്ച് വാഹനത്തിന്റെ കണ്ണാടി തകർത്ത കേസിൽ മൂന്ന് പേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെകോട്ട സ്വദേശി മോഹനചന്ദ്രൻ (47), വട്ടപ്പാറ സ്വദേശി രതീഷ് കുമാർ (35), കുടപ്പനകുന്ന് എൻ.സി.സി നഗർ സ്വദേശി ജോർജ്കുട്ടി (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ 12.30ന് വെമ്പായം രാജാ ഹോട്ടലിന് മുൻപിലാണ് സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: മോഹനചന്ദ്രനും സുഹൃത്തുക്കളും യാത്ര ചെയ്ത വാഹനവും അഭിഭാഷകനായ ഷാജുദ്ദീനും കുടുംബവും സഞ്ചരിച്ച വാഹനവും ഒരേ ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കുന്നതിനായി നിറുത്തി. ഈ സമയം ഹോട്ടലിന് മുന്നിൽ തിരക്കായതിനാൽ ഒരു വാഹത്തിന് മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളു. ഇതേച്ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലായി. തുടർന്ന് ഇരു സംഘങ്ങളും വാഹനങ്ങൾ സമീപത്ത് പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിച്ച് തിരികെ മടങ്ങുന്നതിനിടെ അഭിഭാഷകന്റെ വാഹനത്തിന്റെ രണ്ടു വശത്തെയും മിററുകൾ തകർത്ത നിലയിലായിരുന്നു. ഇതേചൊല്ലി വീണ്ടും ഇവർ തമ്മിൽ തർക്കമുണ്ടാകുകയും കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. സ്ഥലത്ത് എത്തിയ വെഞ്ഞാറമൂട് പൊലീസ് മോഹനചന്ദ്രനെയും സുഹൃത്തുക്കളെയും പിടികൂടി സ്റ്റേഷനിൻ എത്തിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. അഭിഭാഷകന്റെ പരാതിയെ തുടർന്ന് ഇവർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത മൂന്നു പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.