prala

കിളിമാനൂർ : തട്ടത്തുമല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രളയ ബാധിതർക്കായി ശേഖരിച്ച രണ്ടരലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങൾ അഡ്വ. ബി. സത്യൻ എം.എൽ.എ ഏറ്റുവാങ്ങി. സാധനങ്ങൾ തിരുവനന്തപുരം കോർപറേഷന്റെ കളക്ഷൻ സെന്ററിൽ സ്കൂൾ ബസിലെത്തിച്ചു. സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ, എൽ.പി തലം മുതലുള്ള കുട്ടികൾ, അദ്ധ്യാപകർ, പൂർവവിദ്യാർത്ഥി സംഘടന, പ്രവാസി സംഘടനകൾ, നാട്ടുകാർ എന്നിവരൊക്കെ കൈകോർത്തപ്പോൾ പരമാവധി സഹായം എത്തിക്കാനായി. സ്കൂൾ കളക്ഷൻ സെന്ററായി പ്രഖ്യാപിച്ചപ്പോൾ തന്നെ ഹയർസെക്കൻഡറിയിലെ എൻ.എസ്.എസ് വോളന്റിയർമാർ ദുരിതാശ്വാസ സന്ദേശവുമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലെത്തി സാധനങ്ങൾ ശേഖരിച്ചിരുന്നു. സ്കൂൾ കുട്ടികൾ സന്ദേശം സ്വന്തം വീടുകളിലെത്തിച്ചപ്പോൾ രക്ഷിതാക്കളും അവസരത്തിനൊത്തുയർന്നു. പൂർവവിദ്യാർത്ഥി സംഘടനകൾ വാട്സാപ്പ് ഗ്രൂപ്പുകൾ സജീവമാക്കി പണമായും സാധനങ്ങളായും പങ്കാളിത്തം ഉറപ്പാക്കി. പൂർവവിദ്യാർത്ഥി സംഘടനയായ പാസ്റ്റ് സംഭാവന ചെയ്ത ക്ലീനിംഗിനുള്ള എട്ട് ജെറ്റ് പമ്പുകൾ മേയർ വി.കെ. പ്രശാന്ത് ഏറ്റുവാങ്ങി. തട്ടത്തുമലയിലെ പ്രവാസികൾ അംഗങ്ങളായ നന്മ, തപസ് എന്നീ സംഘടനകളും ഉത്പന്ന ശേഖരണത്തിലും ധനസമാഹരണത്തിലും സജീവമായി പങ്കെടുത്തു. ഹൈസ്കൂൾ അദ്ധ്യാപകർ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കും. പി.ടി.എ പ്രസിഡന്റ് എസ്.യഹിയ, പ്രിൻസിപ്പൽ പ്രീതാകുമാരി, വൈസ് പ്രിൻസിപ്പൽ എൻ.എസ്. ലക്കി, എസ്.എം.സി ചെയർമാൻ കെ.ജി. ബിജു, മദർ പി.ടി.എ പ്രസിഡന്റ് ജുബൈരിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.