തിരുവനന്തപുരം : അടുത്തിടെ കുളവാഴയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത പാർവതി പുത്തനാറിൽ ബോട്ട് യാത്ര സാദ്ധ്യമാകുമോ എന്നറിയാൻ നടത്തിയ പരീക്ഷണം പരാജയം. ആറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ബോട്ട് യാത്രയ്ക്കിറങ്ങിയ മന്ത്രിയുടെയും സംഘത്തിന്റെയും വഴിമുടക്കി. ബോട്ടിന്റെ എൻജിനിൽ പ്ലാസ്റ്റിക് കവറുകളും കോഴിവേസ്റ്റും കുടുങ്ങിയതിനാൽ മുന്നോട്ടുപോകാനാകാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന് പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് വേളി ബോട്ട് ക്ലബിൽ നിന്നും വള്ളക്കടവിലേക്ക് മന്ത്രിയും സംഘവും യാത്ര ആരംഭിച്ചത്. മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന ബോട്ടിന് പുറമേ മാദ്ധ്യമ പ്രവർത്തകർക്കായി മറ്റു രണ്ടു ബോട്ടുകൾ കൂടി ഒരുക്കിയിരുന്നു. യാത്ര തുടങ്ങി അല്പദൂരം പിന്നിട്ടപ്പോൾ മാദ്ധ്യമ ഫോട്ടോഗ്രാഫർമാർ കയറിയ ബോട്ടിന്റെ മോട്ടോർ പല്ലിൽ പ്ലാസ്റ്റിക് കവറുകളും ഉപേക്ഷിച്ച തുണികളും കുടുങ്ങി ബോട്ട് വഴിയിൽ നിന്നുപോയി. മന്ത്രി സഞ്ചരിച്ച ബോട്ടും ഇടയ്ക്കിടെ നിന്നുപോയെങ്കിലും യന്ത്രപ്പല്ലിൽ കുടുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്തുമാറ്റി പിന്നെയും യാത്ര തുടർന്നു. എന്നാൽ കരിക്കകത്ത് എത്തിയപ്പോൾ മുന്നോട്ടുപോകാനാവാത്തവിധം ബോട്ട് നിശ്ചലമായി. തുടർന്ന് അവിടെ യാത്ര അവസാനിപ്പിച്ച് മന്ത്രിക്ക് മടങ്ങേണ്ടി വന്നു. മാലിന്യം നീക്കം ചെയ്തശേഷം നദിയിൽ ബോട്ട് യാത്ര നടത്തുമെന്ന സർക്കാരിന്റെ ലക്ഷ്യത്തിനാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. മാലിന്യം നദിയിൽ നിക്ഷേപിക്കുന്നവരെ പിടികൂടാൻ പ്രത്യേക സ്‌ക്വാഡിനെ ഏർപ്പെടുത്തും. മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി ആറിന് ഇരുകരകളിലുമുള്ള വീടുകളിൽ കാമറകൾ സ്ഥാപിക്കാൻ സമീപവാസികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർവതിപുത്തനാറിന്റെ പഴയ പ്രതാപം വീണ്ടെടുത്ത് ബോട്ട് യാത്രയടക്കം സാദ്ധ്യമാക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.