തിരുവനന്തപുരം: റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നിവയുടെ വായ്പാകുടിശ്ശിക തീർപ്പാക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് 306.75കോടി രൂപ അനുവദിച്ച നടപടി സാധൂകരിച്ച കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനം വിവാദത്തിൽ.
കേരളബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടം കുറയ്ക്കാനാണ് റബ്കോ, റബ്ബർമാർക്ക്, മാർക്കറ്റ്ഫെഡ് എന്നിവയുടെ കടം സർക്കാർ ഏറ്റെടുത്തത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്കോയുടെ 238.35 കോടി സർക്കാർ ഏറ്റെടുക്കുന്നത് നിയമവിരുദ്ധവും അഴിമതിയുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
162.87കോടി സംസ്ഥാന സഹകരണബാങ്കിൽ നിന്നും 246.1കോടി എറണാകുളം ജില്ലാ ബാങ്കിൽ നിന്നുമാണ് റബ്കോയ്ക്ക് കടം. ഇതിലാണ് ഒറ്റത്തവണ തീർപ്പാക്കലിലൂടെ 238.35കോടി ഏറ്റെടുക്കാനും ബാക്കി എഴുതിത്തള്ളാനും സർക്കാർ നിശ്ചയിച്ചത്. ഇതനുസരിച്ച് സംസ്ഥാന ബാങ്കിലെ വായ്പ 93.97കോടിക്കും ജില്ലാ ബാങ്കിലെ വായ്പ 144.38കോടിക്കുമാണ് തീർപ്പാക്കിയത്. ഫലത്തിൽ റബ്കോയുടെ 408കോടിയുടെ ബാദ്ധ്യതയ്ക്കാണ് പരിഹാരമായത്. റബ്കോയെ സഹായിക്കാനാണ് അതിന്റെ മറവിൽ റബ്ബർമാർക്കിനും മാർക്കറ്റ്ഫെഡിനും സഹായം നൽകിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
യു.ഡി.എഫ് ഭരണസമിതിയാണ് റബ്ബർമാർക്കിനും മാർക്കറ്റ്ഫെഡിനും. പ്രാഥമിക സഹകരണസംഘങ്ങളുടെ ഫെഡറേഷനാണ് രണ്ടും. കർഷകരിൽ നിന്ന് ഉല്പന്നങ്ങൾ സംഭരിച്ച വകയിലാണ് സർക്കാർ ഇവയ്ക്ക് പണം നൽകാനുള്ളത്. ഇത് ഏറ്റെടുക്കേണ്ടത് നിയമപരമായി സർക്കാരിന്റെ ബാദ്ധ്യതയാണ്.എന്നാൽ റബ്കോ
സഹകരണസംഘം മാത്രമാണ്.കേരളബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് കിട്ടാകടബാദ്ധ്യത ഒഴിവാക്കുന്നതുമായി ഇതിന് ബന്ധവുമില്ല. ഫെഡറേഷനുകളുടെ വായ്പാകുടിശ്ശിക തീർപ്പാക്കാൻ തുക അനുവദിച്ചത് സാധൂകരിക്കാൻ തീരുമാനിച്ചെന്ന് മാത്രമാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തിന് ശേഷം വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. റബ്കോ ഫെഡറേഷനല്ലെന്ന കാര്യം മറച്ചുവച്ചെന്നാണ് ആക്ഷേപം..
എറണാകുളം ജില്ലാബാങ്കിനുള്ളതിനേക്കാൾ കിട്ടാക്കടം മറ്റ് ആറ് ജില്ലബാങ്കുകൾക്കുണ്ടെന്നിരിക്കെ, ഇവിടെയുള്ള വായ്പകളൊന്നും സർക്കാർ ഏറ്റെടുത്ത് തീർപ്പാക്കാത്തതും സംശയമുളവാക്കുന്നുവെന്ന് വിമർശകർ ആരോപിക്കുന്നു.