km-basheer-death-case

​​​​തിരുവനന്തപുരം: യുവ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മരണപ്പെട്ട കേസിൽ ബഷീറിന്റെ മൊബൈൽഫോൺ കണ്ടെത്താൻ പൊലീസിനായില്ല. അപകടമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ബഷീറിന്റെ ഫോൺ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അപകടസ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കോ പൊലീസിനോ ഫോൺ ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് ആരോ അപഹരിച്ചതായ സംശയം ബലപ്പെടുന്നുണ്ട്. അപകടത്തിൽപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ബഷീർ റോഡരികിൽ കൈയ്യിൽ ഫോണിൽ സംസാരിച്ച് നിൽക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പലരും മൊഴി കൊടുത്തിരുന്നു. ഇതിൽ നിന്ന് സംഭവസമയത്ത് ബഷീറിൻെറ പക്കൽ ഫോണുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അവിടെ നിന്ന് ഏതാനും മീറ്ററുകൾ സഞ്ചരിക്കുന്നതിനിടെയാണ് അമിത വേഗത്തിൽ ശ്രീറാം ഓടിച്ച കാർ ബഷീറിന്റെ ബൈക്കിടിച്ച് വീഴ്ത്തിയത്. ഉടൻതന്നെ സംഭവസ്ഥലത്ത് വഴിയാത്രക്കാരും പൊലീസും എത്തിയെങ്കിലും ഇവർക്കാക്കും ഫോൺ ലഭിച്ചതായി സൂചനയില്ല. രാത്രിയാണ് അപകടം സംഭവിച്ചതെങ്കിലും പൊലീസ് ബന്തവസിലായിരുന്ന അവിടെ അടുത്ത ദിവസം രാവിലെ മഹസറെഴുതാൻ എത്തിയ പൊലീസുകാർക്കും ഫോണോ, അപകടത്തിൽപ്പെട്ട തകർന്നുപോയെങ്കിൽ അതിൻെറ അവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ബഷീറിന്റെ ഫോൺ ആരോ മോഷ്ടിച്ചതായിരിക്കാമെന്നാണ് ഇതിൽ നിന്ന് അനുമാനിക്കേണ്ടത്. ഇത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്നതിലുൾപ്പെടെ വീഴ്ച വരുത്തിയ മ്യൂസിയം പൊലീസിന് ഇക്കാര്യത്തിലും പിഴവുണ്ടായി.

km-basheer-death-case

​​​​തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘത്തിനും ഫോണെവിടെയെന്ന കാര്യത്തിൽ യാതൊരു സൂചനയുമില്ല.കാറിടിച്ചതിനിടെ ശ്രീറാമിൻെറ പക്കൽ നിന്ന് ഫോൺ ദൂരേക്ക് എവിടേക്കെങ്കിലും തെറിച്ചുപോയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പബ്ളിക്ക് ഓഫീസ് പരിസരത്തെ അപകടസ്ഥലത്തും ചുറ്റുവട്ടത്തും മെറ്റൽ ഡിറ്റക്ടറിൻെറ സഹായത്തോടെ തെരച്ചിൽ നടത്തും. ബഷീറിന്റെ മരണവുമായി ബന്ധപ്പെടുത്തി റിട്ട. എസ്.പി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളും പ്രത്യേക സംഘം അന്വേഷണ വിധേയമാക്കുന്നുണ്ട്. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളിയതോടെ കേസ് സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്..