കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി തട്ടിയത് ഒരു ലക്ഷം രൂപ. കുമരകം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവാവ് കുമരകം പൊലീസിൽ പരാതിനല്കി. സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ലണ്ടനിൽ ജോലിചെയ്യുന്നുവെന്ന് പറഞ്ഞാണ് യുവതി ഫേസ് ബുക്കിലൂടെ യുവാവുമായി പരിചയപ്പെട്ടത്. തുടർന്ന് ചാറ്റിംഗിലൂടെ ബന്ധം ശക്തമായി. ഇതോടെ യുവതിക്ക് ഒരു ആഗ്രഹം. തന്റെ ഇഷ്ടക്കാരന് കുറെ സമ്മാനങ്ങൾ അയച്ചുകൊടുക്കണമെന്ന്. അതിനായി ഫേസ് ബുക്കിൽ വിലകൂടിയ കാമറയുടെയും മൊബൈൽ ഫോണിന്റെയും ഫോട്ടോകളും അയച്ചുകൊടുത്തു. ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാമെന്ന് പറഞ്ഞതോടെ യുവാവ് സന്തോഷചിത്തനായി.
രണ്ടു ദിവസം കഴിഞ്ഞില്ല, താൻ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ഇതെല്ലാം പിടിച്ചുവച്ചിരിക്കുകയാണെന്നും ഫോൺ കോൾ എത്തി. ടാക്സ് ഇനത്തിൽ 80,500 രൂപ കൊടുത്തില്ലെങ്കിൽ സാധനങ്ങൾ വിട്ടുതരില്ലെന്ന് പറഞ്ഞതോടെ യുവാവ് ഞെട്ടി. പണം അയച്ചുകൊടുക്കേണ്ട അക്കൗണ്ട് നമ്പറും നല്കിയിരുന്നു.
ഇതോടെ പണമില്ലാതെ നട്ടംതിരിഞ്ഞ യുവാവ് കൂട്ടുകാരോട് കടം വാങ്ങി അയച്ചുകൊടുത്തു. പണം അക്കൗണ്ടിൽ എത്തിയെന്ന് അറിഞ്ഞ യുവതി പിറ്റെദിവസം വീണ്ടും ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. സമ്മാനത്തിനൊപ്പം എട്ടു ലക്ഷം രൂപ വിലയുള്ള പൗണ്ട് തന്റെ കൈവശമുണ്ടെന്നും നാട്ടിലെത്തിയാൽ അത് തരാമെന്നും അത്യാവശ്യം എല്ലാം ക്ലീയർ ചെയ്യാൻ ഒരു ലക്ഷം രൂപകൂടി അയച്ചുതരണമെന്നും പറഞ്ഞു. പലരോടും പണം ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാൽ ഒരു വിധം അരലക്ഷം രൂപ സംഘടിപ്പിച്ച് യുവാവ് അക്കൗണ്ടിൽ ഇട്ടുകൊടുത്തു.
സമ്മാനം ലഭിക്കുന്നത് പ്രതീക്ഷിച്ച് കാത്തിരുന്ന യുവാവിന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടിയില്ല. ഇതോടെ തട്ടിപ്പാണോയെന്ന് സംശയംതോന്നി. രണ്ടു ദിവസംകൂടി കാത്തിരുന്നശേഷം കുമരകം പൊലീസിൽ പരാതി നല്കുകയായിരുന്നു. ഇപ്പോഴാവട്ടെ ഫേസ് ബുക്കുമില്ല, ചാറ്റിംഗുമില്ല. കടം വാങ്ങിയ പണം എങ്ങനെ തിരിച്ചുനല്കുമെന്ന ആധിയിലാണ് യുവാവ്.