tequendama-falls-museum

തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ടെക്വെൻഡാമ വെള്ളച്ചാട്ടത്തിന് അഭിമുഖമായി ചെങ്കുത്തായ മലനിരകളുടെ മുകളിൽ ഒരു മ്യൂസിയം ഉണ്ട്. 'ടെക്വെൻഡാമ ഫാൾസ് മ്യൂസിയം' എന്നാണ് പേര്. കണ്ടാൽ ഏതോ ഡ്രാക്കുള കോട്ട പോലെയുള്ള ഈ മ്യൂസിയം യഥാർത്ഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഹോട്ടൽ ആണ്. 1923ൽ പണിത 'ദ മാൻഷൻ ഒഫ് ടെക്വെൻഡാമ ഫാൾസ് ' എന്ന ബംഗ്ലാവ് പിന്നീട് 1928ൽ 'എൽ ഹോട്ടൽഡെൽ സാൾട്ടോ ' അഥവാ 'ടെക്വെൻഡാമ ഫാൾസ് ഹോട്ടൽ ' ആക്കി മാറ്റി. കൊളംബിയയിൽ എത്തുന്ന സമ്പന്നരായ സഞ്ചാരികൾക്ക് താമസിക്കാൻ വേണ്ടിയാണ് ഇത് ഹോട്ടലാക്കിയത്.

tequendama-falls-museum

ഹോട്ടലിൽ നിന്നാൽ ചെങ്കുത്തായ മലനിരകളിൽ നിന്നും രജതരേഖകൾപോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ സാധിക്കും. ബൊഗോട്ട നദിയിലുള്ള വെള്ളച്ചാട്ടമാണ് ടെക്വെൻഡാമ. കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 60 വർഷം പ്രതാപത്തോടെ തന്നെ ഹോട്ടൽ പ്രവർത്തിച്ചു. എന്നാൽ ക്രമേണ ബൊഗോട്ട നദി മലിനമായതോടെ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു. ഇതോടെ നഷ്‌ടത്തിലായ ഹോട്ടൽ 1990കളുടെ തുടക്കത്തിൽ പൂട്ടി. ഹോട്ടൽ അടച്ചു പൂട്ടിയതോടെ ആ പ്രദേശമാകെ വിജനമായി. ജീവിതം മടുത്ത പലരും ഇവിടെ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തു.

പണ്ട് കൊളംബിയയിലെ മ്യൂസ്‌ക ഗോത്ര വർഗക്കാർ സ്‌പാനിഷ് അധിനിവേശത്തിൽ നിന്നും രക്ഷനേടാൻ ടെക്വെൻഡാമ വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുമ്പോൾ തങ്ങൾ പരുന്തുകളായി മാറുമെന്നും തങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പറന്നകലാൻ സാധിക്കും എന്നുമായിരുന്നു അവരുടെ വിശ്വാസം. അതോടെ ഹോട്ടലിനെ ചുറ്റിപ്പറ്റി പ്രേതകഥകളും പ്രചരിക്കാൻ തുടങ്ങി. അനാഥമായി കിടന്നിരുന്ന ഈ ഹോട്ടലിനെ 2013ൽ മ്യൂസിയമായി പ്രഖ്യാപിക്കുകയായിരുന്നു.