britan

ലണ്ടൻ: ആയിരത്തഞ്ഞൂറുവർഷം മുമ്പ് ജീവിച്ചിരുന്ന ഒരാളുടെ രൂപം എങ്ങനെയാണെന്നറിയാൽ ആഗ്രഹമില്ലേ? അതിനുള്ള അവസരം കൈവന്നിരിക്കുന്നു. ബ്രിട്ടനിലെ ഡുൻഡീ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ കാരൻ ഫ്ളെമിംഗാണ് 1500വർഷം പഴക്കമുള്ള തലയോട്ടിയിൽ മുഖം പുനർ നിർമിച്ചത്. ഇതിന്റെ അവസാനഘട്ട മിനുക്കുപണിയിലാണ് കാരൻ. ഉടൻതന്നെ രൂപം കാണാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കും.

സ്കോട്ട് ലൻഡിൽ നിന്നാണ് ആയിരത്തഞ്ഞൂറുവർഷം പഴക്കമുള്ള സ്ത്രീയുടെ തലയോട്ടി കിട്ടിയത്. ഇവർക്ക് ഹിൽഡയെന്നാണ് പേരുനൽകിയിരിക്കുന്നത്. സ്ഥലത്ത് നടത്തിയ കൂടുതൽ പരിശോധനയിൽ കുറച്ചുഭാഗങ്ങൾ കൂടി കിട്ടി. തുടർന്നാണ് മുഖം പുനർ നിർമ്മിക്കാൻ തുടങ്ങിയത്. ഇതിനായി തലയോട്ടിയുടെ ഡിജിറ്റൽ സ്കാൻ എടുക്കുകയാണ് ആദ്യം ചെയ്തത്.അടുത്തപടിയായി ഇതിനെ ത്രീഡിയിലേക്ക് മാറ്റി. തുടർന്ന് ത്രീഡി പ്രിന്റിന്റെ സഹായത്തോടെ മുഖനിർമാണം തുടങ്ങുകയായിരുന്നു.

മുഖത്തെ മാംസപേശികളും മൂക്കും ചുണ്ടും ചെവിയുമൊക്കെ അതീവശ്രദ്ധയോടെ വച്ചുപിടിപ്പിച്ചു. ഉറപ്പുകുറഞ്ഞ മെഴുക് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. പാവയുടെ കണ്ണുകളും മുടിയും ഫിറ്റുചെയ്തതോടെ കാര്യങ്ങൾ ഒാ. കെയായി. നിർമാണത്തിന് ഉപയോഗിച്ച മെഴുക് സാധാരണ ഉഷ്മാവിൽ ഉരുകുമെന്നതിനാൽ തണുപ്പിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്.

ഹിൽഡയ്ക്ക് അറുപതുവയസുള്ളപ്പോൾ മരിച്ചു എന്നാണ് കണക്കാക്കുന്നത്. ലഭിക്കുമ്പോൾ തലയോട്ടിയിൽ പല്ലുകളൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്തെ ആഹാരരീതിയുടെ പ്രത്യേകതകൊണ്ടാകും ഇവ നഷ്ടപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞൻമാർ കരുതുന്നത്.