കടയ്ക്കാവൂർ: സ്വാതന്ത്ര്യദിനത്തിന് വൈകിട്ട് ചെക്കാലവിളാകം ജംഗ്ഷനിൽ അക്രമികൾ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ആംബുലൻസിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. കടയ്ക്കാവൂർ മണ്ണാത്തിമൂല വിളയിൽ പടിയ്ക്കൽ വീട്ടിൽ രാജമോഹൻ ആർ. നായർ (28) ചെക്കാലവിളാകം തേവരുനടയ്ക്ക് സമീപം അംബീകാഭവനിൽ ജഗ്ഗു എന്ന് വിളിക്കുന്ന റജിൻ (19) എന്നിവരാണ് അറസ്റ്റിലായത്. ആംബുലൻസിന്റെ ഡ്രൈവർ മനുവിനെ വാള് കാട്ടി ഭീഷണിപ്പെടുത്തുകയും അവിടെ നിന്ന മറ്റൊരാളെ മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ് കടയ്ക്കാവൂർ പൊലീസ് എത്തിയപ്പോഴെക്കും പ്രതികൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യനും സംഘവും പിൻതുടർന്നാണ് പ്രതികളെ പിടികൂടി. കടയ്ക്കാവൂർ നിന്നും യുവാവിനെ തട്ടികൊണ്ടുപോയ കേസിലും അഞ്ചുതെങ്ങിൽ കൊലപാതക കേസിലും പ്രതിയാണ് രാജമോഹൻ എന്നും പൊലീസ് പറഞ്ഞു. കടയ്ക്കാവൂർ ചിറയിൻകീഴ് പ്രദേശങ്ങളിൽ ലഹരി മരുന്ന് വില്പന, തട്ടികൊണ്ടുപോകൽ, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളുടെ പേരിൽ കാപ്പ അടക്കമുളള വകുപ്പുകൾ ചുമത്തി കേസെടുത്തു. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. വിനോദ് വിക്രമാദിത്യൻ, സീനിയർ സി.പി.ഒ. രാജേന്ദ്രപ്രസാദ് സി.പി.ഒ.മാരായ ബിനോജ്, ഡീൻ. ശ്രീകുമാർ, എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.