തിരുവനന്തപുരം: ഇന്ത്യ കൺവെൻഷൻ പ്രൊമോഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ മൈസ് ടൂറിസത്തിലെ പന്ത്രണ്ടാമത് രാജ്യാന്തര സമ്മേളനം 'കൺവെൻഷൻ ഇന്ത്യ കോൺക്ലേവ്" (സി.ഐ.സി) 29 മുതൽ 31വരെ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 50 ഓളം വിദേശ പ്രതിനിധികളടക്കം 350പേർ പങ്കെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

'ഇന്ത്യയുടെ സുസ്ഥിര മൈസ് ഭാവി ഭൂപടം" എന്നതാണ് കോൺക്ലേവിന്റെ മുഖ്യപ്രമേയം. സി.ഐ.സിയിലൂടെ അന്താരാഷ്ട്ര കൺവെൻഷനുകൾക്കും പ്രദർശങ്ങൾക്കും കൊച്ചി വേദിയാകുമെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തിലൂടെ ലോക കൺവെൻഷൻ വ്യവസായ ഭൂപടത്തിൽ കേരളത്തെ കൊണ്ടുവരുമെന്ന് ഐ.സി.പി.ബി വൈസ് ചെയർമാൻ ചന്ദേർ മൻഷരമണി പറഞ്ഞു. ദേശീയ-അന്തർദേശീയ ബയേഴ്‌സ്, എഴുപതോളം പ്രദർശകർ, പ്രഭാഷകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന സംഗമത്തിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ഡെൻമാർക്ക്, തുർക്കി, സൈപ്രസ്, ബ്രസീൽ, അസർബെയ്‌ജൻ, കസാഖ്സ്ഥാൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുപ്പതോളം ബയേഴ്‌സും പങ്കാളികളാകും. നൂറ് ആഭ്യന്തര ബയർമാരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്.
കോൺക്ലേവിൽ ഐ.സി.സി.എ സി.ഇ.ഒ സെന്തിൽ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. മൈസ് വ്യവസായത്തിന്റെ വളർച്ച വിഷയമാകുന്ന ഹാർഡ് ടോക്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമൻ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ പങ്കെടുക്കും .

വാർത്താ സമ്മേളനത്തിൽ ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്‌ടർ പി. ബാലകിരൺ, ഐ.സി.പി.ബി ഓണററി സെക്രട്ടറി അമരീഷ് കുമാർ തിവാരി, ഓണററി ട്രഷറർ ഗിരീഷ് ക്വത്ര, എക്‌സിക്യുട്ടീവ് ഡയറക്‌ട‌ർ മധു ദുബൈ എന്നിവർ പങ്കെടുത്തു.