പ്രളയജലം ക്രമേണ ഒഴിയാൻ തുടങ്ങിയതോടെ ദുരിതബാധിത പ്രദേശങ്ങളിൽ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ജനങ്ങൾ. വെള്ളം പൂർണമായും വാർന്നുപോകുമ്പോഴാണ് പ്രളയത്തിന്റെ ആഘാതം ശരിക്കും ബോദ്ധ്യമാവുക. ജീവിക്കാനായി കരുതിവച്ചതത്രയും ഏതാനും ദിവസത്തെ മഴയിൽ അപ്പാടെ ഒലിച്ചുപോയതിന്റെ കഠിന ദുഃഖമനുഭവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുണ്ട്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൊണ്ട് നികത്തപ്പെടാവുന്നതല്ല അവരുടെ നഷ്ടം. എത്രയോ വർഷങ്ങൾ വേണ്ടിവരും പഴയ നിലയിലേക്കെത്താൻ. പ്രളയം കൃഷി മേഖലയ്ക്കുണ്ടാക്കിയ നാശനഷ്ടത്തിന്റെ പ്രാരംഭ കണക്ക് വന്നുകഴിഞ്ഞു. എല്ലാ ജില്ലകളിലും കൂടി 1166 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. പ്രകൃതി എല്ലാ നിലകളിലും അനുകൂലമായ സന്ദർഭത്തിൽപ്പോലും കൃഷി നഷ്ടക്കച്ചവടമാണെന്ന പരാതിയുള്ളപ്പോഴാണ് പേമാരിയും പ്രളയവും ചേർന്ന് ഉള്ളതൊക്കെയും തുടച്ചെടുത്തുകൊണ്ടുപോയത്. കാർഷിക മേഖലയിലെ ഇനിയുള്ള ഇടപെടലുകൾ പരിസ്ഥിതിയെ മുഖ്യസ്ഥാനത്തു നിറുത്തിക്കൊണ്ടുള്ളതാകുമെന്ന് കൃഷിമന്ത്രി സുനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ പ്രകൃതി കോപത്താൽ മനം മടുത്ത കർഷകരെ ഈ രംഗത്തു നിലനിറുത്താൻ വലിയ തോതിൽ സഹായവും പ്രോത്സാഹനവും വേണ്ടിവരും. കാർഷിക വൃത്തിയിൽ താത്പര്യമുള്ളവരെ ഈ രംഗത്തു സംരംഭകരാക്കി മാറ്റാനുള്ള യത്നത്തിലാണ് കൃഷിവകുപ്പ്. സർക്കാർ സഹായിച്ചാൽ എളുപ്പം നടക്കുന്ന കാര്യമാണത്.
പ്രളയത്തിനൊപ്പം ഉണ്ടായ ചെറുതും വലുതുമായ ഉരുൾപൊട്ടലുകളാണ് മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ കനത്ത നാശം വിതച്ചത്. കിടപ്പാടം നഷ്ടപ്പെട്ട അനവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഉരുൾപൊട്ടലിൽ വീടും ഭൂമിയും ഒന്നാകെ നശിച്ചവർക്ക് പത്തുലക്ഷം രൂപയുടെ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മലയടിവാരത്തിലും മലഞ്ചരിവുകളിലും വീടുവയ്ക്കുന്നത് ഇനി ഒട്ടും സുരക്ഷിതമല്ലെന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കും ബോദ്ധ്യമായിട്ടുണ്ട്. പുതിയ വാസസ്ഥലത്തെയും പുതിയ നിർമ്മാണരീതിയെയും കുറിച്ച് ചിന്തിക്കാൻ സമയമായെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പാറയും ഇഷ്ടികയും കോൺക്രീറ്റുമൊക്കെ ഉപയോഗിച്ചുള്ള നിർമ്മാണ രീതിയോട് വിട പറയാറായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് പ്രളയത്തിലും ഉരുൾപൊട്ടലുകളിലുമായി വീടുകൾക്കുണ്ടായ വ്യാപകമായ നാശം കണ്ടിട്ടാകണം. സ്വീകരിക്കാൻ പ്രയാസമാണെങ്കിലും നിർമ്മാണ രീതികളിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ട സന്ദർഭമാണിത്. ഏതായാലും സർക്കാർ ഈ വഴിക്കു ചിന്ത തുടങ്ങിക്കഴിഞ്ഞു. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ സംസ്ഥാനത്ത് പ്രചാരം നേടിയിട്ടില്ലെങ്കിലും പുതിയ സാഹചര്യങ്ങളിൽ അതു പരീക്ഷിക്കാവുന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഈ സമ്പ്രദായം പ്രചാരത്തിലുണ്ട്. ഏതു പുതിയ രീതിക്കും എളുപ്പം വേരോട്ടമുള്ള കേരളത്തിൽ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയ്ക്കും പ്രചാരം ലഭിക്കാതിരിക്കില്ല. സർക്കാർ മുൻകൈയെടുത്ത് മാതൃക കാണിച്ചാൽ അനുകരിക്കാൻ ധാരാളം പേർ മുന്നോട്ടുവരിക തന്നെ ചെയ്യും.
ഉരുൾപൊട്ടലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിച്ചതോടെ പാറയുടെ ലഭ്യത കുറെക്കാലത്തേക്കെങ്കിലും വൻതോതിൽ കുറയുമെന്നു തീർച്ചയാണ്. ഗൃഹനിർമ്മാണം ഉൾപ്പെടെ എല്ലാത്തരം നിർമ്മാണങ്ങളുടെയും പ്രധാന അസംസ്കൃത വസ്തുവായ പാറ ഉത്പന്നങ്ങൾ കിട്ടാതാകുന്നത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഇതിൽപ്പെട്ട് സാധാരണക്കാരാകും ഏറ്റവും കൂടുതൽ വലയാൻ പോകുന്നത്. പുതിയ നിർമ്മാണ രീതികൾ പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്. പ്രകൃതിവിഭവങ്ങളായ പാറയുടെയും മെറ്റലിന്റെയും മണലിന്റെയും ഉപയോഗം നിയന്ത്രിച്ച് മറ്റു തരത്തിലുള്ള നിർമ്മാണ വസ്തുക്കൾ പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരേണ്ടതുണ്ട്. സാധാരണക്കാർ ഈ വിഷയത്തിൽ തികച്ചും അജ്ഞരാകയാൽ സർക്കാർ വേണം ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി പുതിയ നിർമ്മാണ ശൈലിയിലേക്ക് അവരെ ആനയിക്കാൻ. പ്രകൃതി സമ്പത്ത് നിലനിൽക്കുന്ന കാലം ചൂഷണം ചെയ്യാനാവില്ലെന്ന വലിയ സത്യമാണ് ഇപ്പോഴത്തെ പ്രകൃതി ദുരന്തം വിളിച്ചുപറയുന്നത്.
പാറമടകൾ ഉയർത്തുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് എത്രയോ കാലമായി പറഞ്ഞുകേൾക്കുന്നതാണ്. വലിയൊരു മാഫിയാ സംഘം തന്നെ ഓരോ ക്വാറിക്കു പിന്നിലുമുണ്ട്. രാഷ്ട്രീയക്കാരുടെ പിന്തുണയും സഹായവും പങ്കാളിത്തവുമൊക്കെ ഉള്ളതിനാൽ നിർബാധം അവ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നൂറിലധികം പേരുടെ ജീവനാണ് ഇത്തവണത്തെ ഉരുൾപൊട്ടലുകളിൽ തകർന്നടിഞ്ഞത്. പ്രകൃതി സംരക്ഷണത്തിന് ഉറച്ച നടപടികളെടുക്കാൻ സർക്കാരിനെ നിർബന്ധിക്കുന്ന സാഹചര്യമാണിത്. ഈ ബാദ്ധ്യത നിറവേറ്റുക തന്നെ വേണം.