കിളിമാനൂർ: മടവൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആയൂർവേദ പദ്ധതികളിൽ ഉൾപ്പെട്ട സൂതിക - നവജാതശിശു പരിചര്യ, കൗമാര പരിചര്യ എന്നീ പ്രോജക്ടുകളുടെ ഉദ്‌ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മടവൂർ എൻ.എസ്.എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ബിനി കെ.ബി പദ്ധതി വിശദീകരിച്ചു. സൂതിക-ന വജാതശിശുപരിചര്യ പദ്ധതി പ്രകാരം മടവൂർ പഞ്ചായത്തിൽ പ്രസവകാലം ചെലവഴിക്കുന്ന നൂറ് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും 1000 രൂപയുടെ പ്രസവരക്ഷാമരുന്നുകൾ സൗജന്യമായി നൽകും. ഇതിന്റെ ഭാഗമായി ഗർഭിണികൾക്കുള്ള പ്രത്യേക ഒ.പിയും നടന്നുവരുന്നു. മടവൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പതിനഞ്ചു വാർഡുകൾ ഉൾപ്പെടുത്തി അഞ്ച് മെഗാ മെഡിക്കൽ ക്യാമ്പുകളിലായി ഏഴായിരത്തോളം പേർക്ക് പകർച്ച വ്യാധിപ്രതിരോധ മരുന്നുകൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത. ആർ.എസ്, പഞ്ചായത്ത് മെമ്പർമാരായ എം.ജി. മോഹൻ ദാസ്, ജലജ, ലീന, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് വസന്തകുമാരി. പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരുൾപ്പെടെ എല്ലാവർക്കും ആയുർവേദ ഡിസ്‌പെൻസറി ജീവനക്കാർ കർക്കിടകക്കഞ്ഞി വിതരണവും നടത്തി.